ഗണപതിയും പ്ലാസ്റ്റിക് സര്‍ജറിയും: മുൻപത്തെ പ്രസ്താവനയെ വിവാദവുമായി ബന്ധിപ്പിക്കരുതെന്ന് തരൂർ
Thursday, August 3, 2023 6:01 PM IST
തിരുവനന്തപുരം: വർഷങ്ങൾക്ക് മുമ്പ് നടത്തിയ പ്രസ്താവനയെ ഇപ്പോഴത്തെ വിവാദവുമായി ബന്ധിപ്പിക്കരുതെന്ന് ശശി തരൂർ എംപി. ഗണപതിയുടേത് പ്ലാസ്റ്റിക് സര്‍ജറിയല്ലെന്നും തരൂർ പറഞ്ഞു. മനുഷ്യന്റെ ചെറിയ കഴുത്തും ആനയുടെ വലിയ തലയും ഒരുമിച്ചുവയ്ക്കാൻ ഒരു സാധ്യതയുമില്ലെന്ന് എല്ലാവർക്കും അറിയാം.
ഗണപതിയെ ഭക്തിയോടെ കാണുന്നവരാണ് തങ്ങൾ. പ്രധാനമന്ത്രി പറഞ്ഞപോലെയല്ല അതിനെ കാണേണ്ടതെന്നാണ് താൻ പറഞ്ഞതെന്നും തരൂർ വ്യക്തമാക്കി.
പ്ലാസ്റ്റിക് സർജറി ഭാരതത്തിൽ തന്നെയാണ് ആരംഭിച്ചത്. ശുശ്രുതനാണ് ലോകത്തെ ആദ്യത്തെ പ്ലാസ്റ്റിക് സർജൻ. അതിന്റെ തെളിവുകളുമുണ്ട്. അക്കാര്യത്തിൽ സംശയമില്ല. എന്നാൽ, ആ യാഥാർഥ്യത്തിനൊപ്പം മതവിശ്വാസത്തെ കൂടി കൂട്ടിക്കുഴക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അക്കാര്യമാണ് താൻ പ്രധാനമന്ത്രിയോട് പറഞ്ഞത്.
മതവിശ്വാസം ഇല്ലാത്ത ആൾ മതത്തെ കുറിച്ച് പറയേണ്ടതില്ല. താൻ അന്യന്റെ മതവിശ്വാസത്തെ കുറിച്ച് പറയുന്നില്ല, തനിക്കത് പറയാൻ അവകാശമില്ല. വിശ്വാസത്തെ എപ്പോഴും ബഹുമാനിക്കണം. ഒരിക്കലും ആരെയും വേദനിപ്പിക്കരുത്-ശശി തരൂർ പറഞ്ഞു.