സർക്കാരിന് തിരിച്ചടി: സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽ നിയമനം രണ്ടാഴ്ച്ചയ്ക്കുള്ളിൽ നടത്തണം
Thursday, August 3, 2023 10:10 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽ നിയമനം രണ്ടാഴ്ച്ചയ്ക്കുള്ളിൽ നടത്തണമെന്നു കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്. നിലവിലുള്ള 43 അംഗപട്ടികയിൽ നിന്നു വേണം ഈ നിയമനം താത്കാലികമായി നടത്തേണ്ടത്.
ഇത് സംബന്ധിച്ച് മുന്പ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇടക്കാല വിധി പ്രസ്താവിച്ചപ്പോൾ സർക്കാർ റിവ്യു പെറ്റീഷൻ നല്കിയിരുന്നു. ഇതിനിടയിൽ കോളജ് പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ ഉണ്ടായെന്ന പരാതി വ്യാപകമായിരുന്നു. ഇതേ തുടർന്ന് പ്രിൻസിപ്പൽ നിയമന പട്ടികയിൽ ഉൾപ്പെട്ട ഏഴു പേർ നിയയനം ലഭിക്കുന്നതിനായി കോടതിയെ സമീപിക്കുകയും ഇന്ന് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ എക്സിക്യൂഷൻ പെറ്റീഷൻ അടക്കമുള്ളേ രേഖകൾ അഡീഷണൽ സെക്രട്ടറി ഹരികുമാർ നേരിട്ട് ഹാജരാക്കി. എന്നാൽ രേഖകൾ അപൂർണമെന്ന് കോടതി വാക്കാൽ പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചകൾ ഉണ്ടായിട്ടില്ലെന്നു സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
സർക്കാർ കോജുകളിൽ പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ ഒരു ശ്രമവും സർക്കാർ നടത്തിയിട്ടില്ലെന്ന വാദവും ഉയർത്തി. നിലവിൽ സംസ്ഥാനത്തെ 62 സർക്കാർ കോളജുകളിലാണ് സ്ഥിരം പ്രിൻസിപ്പൽമാരില്ലാത്തത്.