വിശ്വാസികളില്‍ വര്‍ഗിയത കുത്തിവയ്ക്കാന്‍ ശ്രമം: സ്പീക്കര്‍ എ.എന്‍. ഷംസിർ
Thursday, August 3, 2023 10:24 PM IST
കണ്ണൂർ: വിശ്വാസികളില്‍ വര്‍ഗിയത കുത്തിവയ്ക്കാന്‍ ശ്രമം നടക്കുന്നതായി സ്പീക്കര്‍ എ.എന്‍. ഷംസിര്‍. വിശ്വാസം സംരക്ഷിക്കാന്‍ ഇറങ്ങിയവര്‍ പ്രതിസന്ധിഘട്ടത്തില്‍ എവിടെയായിരുന്നെന്ന് അദ്ദേഹം ചോദിച്ചു. എത്ര ആക്രമിച്ചാലും സത്യം പറയുക തന്നെ ചെയ്യുമെന്നും ഷംസിര്‍ പറഞ്ഞു. കണ്ണൂരിൽ ബാലസംഘത്തിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസം സംരക്ഷിക്കാൻ തെരുവിൽ അടിയേറ്റവരാണ് കമ്മ്യൂണിസ്റ്റുകാർ. അന്ന് അവർ കൊണ്ട തല്ലിന്റെ ഭാഗമായാണ് വിശ്വാസം സംരക്ഷിക്കപ്പെട്ടത്. ഇന്ന് വിശ്വാസം സംരക്ഷിക്കാൻ എന്ന പേരിൽ ഇറങ്ങിയവരെ അന്ന് കണ്ടില്ലെന്നായിരുന്നെന്നും ഷംസിർ പറഞ്ഞു.
ഒരു പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിലും വെറുപ്പിന്റെ പ്രചാരകർ ആകുന്നു. ഭരണഘടന തന്നെ എത്രകാലം നില നിൽക്കുമെന്ന് സംശയമാണ്. ഭരണഘടന മാറ്റാൻ വെറുപ്പിന്റെ പ്രചാരകർ ശ്രമിക്കുന്നു. ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമം നടക്കുന്നു. ശാസ്ത്ര ചിന്ത പ്രചരിപ്പിക്കരുത് എന്ന് പറയുന്നു. പാഠപുസ്തകങ്ങൾ എഡിറ്റ് ചെയ്യുന്നു. ഗാന്ധി വധം ഒഴിവാക്കുന്നു. അബ്ദുൽ കലാം ആസാദിനെ ഒഴിവാക്കുന്നു. എന്ത് വില കൊടുക്കേണ്ടി വന്നാലും അത്തരം ശ്രമം നടക്കുമ്പോൾ ഞങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും.
ചരിത്രത്തെ വക്രീകരിക്കാൻ ശ്രമിക്കുമ്പോൾ, എത്ര ഒറ്റ തിരിഞ്ഞു ആക്രമിക്കാൻ ശ്രമിച്ചാലും സത്യം പറയും. കീഴടങ്ങില്ല. സത്യം പറയുമ്പോൾ മുഖം ചുളിയും. ഞങ്ങൾ വിശ്വാസികളുടെ പക്ഷത്താണ്. വർഗീയത കൊണ്ട് ഏതെങ്കിലും നാടിനു പുരോഗതി ഉണ്ടായോ എന്നും ഷംസീർ ചോദിച്ചു.
വർഗീയത കുത്തിവയ്ക്കാൻ ശ്രമിക്കുന്നവർ ഏത് കാലത്താണ് ജീവിക്കുന്നത് ? എന്തെല്ലാം കുത്തിത്തിരിപ്പ് ഉണ്ടാക്കിയാലും കേരളത്തിൽ വർഗീയ ശക്തികൾ വളരില്ലെന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്. ഇത് ചാറ്റ് ജിപിടിയുടെ കാലമാണ്. ശാസ്ത്ര സാങ്കേതികത വികസിക്കുകയാണ്. കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാൻ എന്താണ് ചിലർക്ക് സാധിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.