പോക്സോ കേസിലെ കുറ്റാരോപിതനും സിപിഎം മുൻ എംഎൽഎയും തമ്മിലുള്ള "കരാർ ബാന്ധവം' പുറത്ത്
Sunday, August 6, 2023 7:11 AM IST
കോഴിക്കോട്: 13 വയസുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ കുറ്റാരോപിതനുമായി ചേർന്ന് തിരുവമ്പാടിയിൽ നിന്നുള്ള സിപിഎം മുൻ എംഎൽഎ ജോർജ് എം. തോമസ് സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ പുറത്ത്.
കേസിൽ ആരോപണം നേരിടുന്ന കോൺഗ്രസ് നേതാവായ അബൂബക്കർ സിദിഖും സഹോദരനും തമ്മിലുള്ള സാമ്പത്തിക തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ജോര്‍ജ് മധ്യസ്ഥത വഹിക്കുന്ന രേഖകൾ പുറത്തുവന്നു. വ്യവസായിയായ സിദിഖും ജോർജും അടുത്ത ബന്ധമുള്ളവരാണെന്ന് തെളിയിക്കുന്നതാണ് ഈ രേഖ.
സാമ്പത്തികതര്‍ക്കം ഒത്തുതീര്‍പ്പാക്കിയതിന് പ്രതിഫലമായി ജോര്‍ജിന് വന്‍തുക ലഭിച്ചെന്നും ഇതില്‍ 25 ലക്ഷം രൂപ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന് നല്‍കിയെന്നുമാണ് സിപിഎം അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.
വ്യവസായിയും സഹോദരനും തമ്മില്‍ ഗള്‍ഫിലെ ബിസിനസിനെചൊല്ലിയുണ്ടായ തര്‍ക്കം ജോര്‍ജ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്നും പണം കൈപ്പറ്റിയെന്നും പാര്‍ട്ടി അന്വേഷണ കമ്മീഷന് കണ്ടെത്തിയിരുന്നു.
കോഴിക്കോട് ചെറുവാടി സ്വദേശി പുറായില്‍ യാക്കൂബ് ഒന്നാം കക്ഷിയും സഹോദരന് അബൂബക്കര്‍ സിദിഖ്, മലപ്പുറം ചേവായൂര്‍ സ്വദേശി കബീര്‍ എന്നിവര്‍ രണ്ടാം കക്ഷിയുമായി 2015 ഫെബ്രുവരി 10-നാണ് ഒത്തുതീര്‍പ്പ് കരാറുണ്ടാക്കിയത്.
ജോര്‍ജ് എം. തോമസിന് പുറമേ സിപിഎം നേതാക്കളായ ഇ.രമേഷ് ബാബു, ടി.വിശ്വനാഥന് എന്നിവരും മധ്യസ്ഥരായി. കരാറനുസരിച്ച് യാക്കൂബിന് സിദിഖ് നല്‍കേണ്ട തുകയുടെ ആറാമത്തെ ഗഡുവിലേക്ക് 12.5 ലക്ഷം രൂപ പണമായി നല്‍കിയതിന്റെ രസീതാണ് മുദ്രപത്രത്തില്‍ രേഖപ്പെടുത്തിയത്. ആകെ 12 കോടി രൂപയാണ് യാക്കൂബിന് ലഭിക്കാനുണ്ടായിരുന്നതെന്നാണ് വിവരം.