"രാഷ്ട്രീയമാണ് കാര്യം, സഹതാപമല്ല'; പുതുപ്പള്ളി പോരിന് തയാറെന്ന് സിപിഎം
Tuesday, August 8, 2023 5:36 PM IST
തിരുവനന്തപുരം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനെപ്പറ്റി യാതൊരു വേവലാതിയും അങ്കലാപ്പുമില്ലെന്ന് സിപിഎം.
ഏത് സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലും പാർട്ടി തയാറാണെന്നും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായുള്ള സമയക്കുറവ് തങ്ങൾക്ക് ബാധകമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
സിപിഎമ്മിന്റെ താഴെത്തട്ടിലുള്ള സംഘടനാസംവിധാനം ശക്തമാണ്. ഇടതുമുന്നണിയുടെ വികസനരാഷ്ട്രീയത്തിന് തുരങ്കം വയ്ക്കുന്നവർക്കുള്ള മറുപടി ജനം നൽകും. ഒരു വികസനവും അനുവദിക്കാത്ത ബിജെപി - കോൺഗ്രസ് നയത്തെ ജനം വിചാരണ ചെയ്യും.
രാഷ്ട്രീയമാണ് കാര്യമെന്നും മണ്ഡലത്തിലെ സഹതാപതരംഗമല്ലെന്നും ഗോവിന്ദൻ അറിയിച്ചു. സ്ഥാനാർഥിയെ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ജെയ്ക് സി. തോമസ് തന്നെയാണോ സ്ഥാനാർഥിയെന്ന് ഉറപ്പ് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.