വിദ്യാർഥി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു; റാഗിംഗ് എന്ന് സൂചന
Friday, August 11, 2023 5:53 AM IST
കോൽക്കത്ത: കോൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർഥി ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു.
നാദിയ ജില്ലയിലെ ബാഗുലയിൽ താമസിക്കുന്ന സ്വപ്നദീപ് കുണ്ടു (18) ആണ് മരിച്ചത്. ബംഗാളി ഭാഷയിൽ ബിരുദ വിദ്യാർഥിയായിരുന്നു സ്വപ്നദീപ്.
ബുധനാഴ്ച രാത്രി 11.45 ഓടെയാണ് ഇയാൾ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സഭവിക്കുകയായിരുന്നു.
സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ സി.വി. ആനന്ദ ബോസ് ഹോസ്റ്റൽ സന്ദർശിച്ച് മകന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സ്വപ്നദീപിന്റെ പിതാവിന് ഉറപ്പ് നൽകി.
സീനിയർ വിദ്യാർഥികളുടെ റാഗിംഗിനെ തുടർന്ന് അപകടം സംഭവിച്ചതാകാമെന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.