തലശേരിയിൽ എംഡിഎംഎയുമായി യുവതിയടക്കം ആറ് പേർ അറസ്റ്റിൽ
Sunday, August 13, 2023 11:38 PM IST
തലശേരി: എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുമായി യുവതിയടക്കം ആറു പേർ തലശേരിയിൽ പോലീസിന്റെ പിടിയിൽ. റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഗുഡ്സ്ഷെഡ് റോഡിലെ സ്റ്റാർ റസിഡൻസിയിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി സംഘം പിടിയിലായത്.
കോഴിക്കോട് മുക്കം സ്വദേശി സി. വിഷ്ണു (22), തലശേരി ചിറക്കര സ്വദേശി എൻ.കെ. സഫ്വാൻ (27), ചൊക്ലി സി.പി റോഡ് ആണ്ടിപീടികയിലെ മുഹമ്മദ് സനൂൻ (26), കൊല്ലം പുത്തൂർ സ്വദേശി വി.അനന്തു (26), തലശേരി ചിറക്കര സ്വദേശി കെ.എസ്. ഹിലാൽ (23) കോട്ടയം സ്വദേശിനി അഖില എന്നിവരെയാണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് ഹോട്ടലിൽ പരിശോധന നടത്തിയത്. ഇവരിൽ നിന്നും 2.77 ഗ്രാം എംഡിഎംഎയും 3.77 ഗ്രാം കഞ്ചാവും പിടികൂടി. ഇവരുടെ മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
മംഗളൂരുവിൽനിന്നും ട്രെയിൻ മാർഗം തലശേരിയിലെത്തിയ സംഘം ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു.