ഇറാനിലെ ഷിയാ ആരാധനാലയത്തിന് നേർക്ക് വെടിവയ്പ്; ഒരാൾ മരിച്ചു
Monday, August 14, 2023 5:33 AM IST
ടെഹ്റാൻ: ദക്ഷിണ ഇറാനിലെ ഷിറാസ് പട്ടണത്തിലെ ഷിയാ ആരാധനാലയമായ ഷാ ചെരാഗിന് നേർക്കുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു.
ഞായറാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. തോക്കുമായി എത്തിയ അക്രമി പ്രകോപനമൊന്നുമില്ലാതെ ചെരാഗിന്റെ പുൽത്തകടിയിലുണ്ടായിരുന്ന ജനങ്ങൾക്ക് നേരെ വെടിവയ്പ് നടത്തുകയായിരുന്നു. ഇയാളെ പിടികൂടിയെന്ന് അധികൃതർ അറിയിച്ചു.
ഷിയാ വിഭാഗത്തോട് അസഹിഷ്ണുത പുലർത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തെപ്പറ്റി ഇറാൻ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
2022 ഒക്ടോബറിൽ ചെരാഗിന് നേർക്ക് ഐഎസ് നടത്തിയ ആക്രമണത്തിൽ 13 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.