മാസപ്പടി: ചോദ്യങ്ങൾ നേരിടാൻ പോലും ഗോവിന്ദന് ധൈര്യമില്ലെന്ന് സുരേന്ദ്രൻ
Monday, August 14, 2023 8:16 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും കരിമണൽ വ്യവസായിയിൽനിന്നു മാസപ്പടി വാങ്ങിയ സംഭവത്തിൽ ചോദ്യങ്ങൾ നേരിടാൻ പോലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ധൈര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ഭരണ-പ്രതിപക്ഷ നേതാക്കളെ കുറിച്ച് ഇത്രയും ഗൗരവമേറിയ ആരോപണമുയർന്നിട്ടും സംസ്ഥാന അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ പോലും വിളിപ്പിക്കാത്തത് കേരളത്തിൽ നിയമസംവിധാനം തകർന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
96 കോടി രൂപയാണു ഭരണ-പ്രതിപക്ഷങ്ങൾക്കു മാസപ്പടി കിട്ടിയത്. വ്യവസായം നടത്താനുള്ള തടസങ്ങൾ നീക്കാനാണു പണം കൊടുത്തതെന്നാണ് കരിമണൽ വ്യവസായി പറയുന്നത്. ഇത് നിയമപരമായി കൈക്കൂലിയാണ്.
മുഖ്യമന്ത്രിയും മകളും മാസപ്പടി വാങ്ങിയത് അഴിമതി നിരോധന നിയമം 13(1) (ഡി)–യിൽ വരുന്നതാണ്. ഇത് മുഖ്യമന്ത്രിയുടെ അധികാര ദുർവിനിയോഗമാണ്. യുഡിഎഫിന് ഈ വിഷയം ഉന്നയിക്കാനാവില്ല. കാരണം അവരുടെ നേതാക്കൾക്കും ഇതിൽ പങ്കുണ്ട്.
കേരളത്തിലെ അന്വേഷണ ഏജൻസികൾ ഇടപെടാത്തതിനാൽ കേന്ദ്ര ഏജൻസികളെ സമീപിക്കും. മാസപ്പടിക്കാരുടെ സംയുക്ത സമ്മേളനമാണ് പുതുപ്പള്ളിയിൽ. ഭരണ-പ്രതിപക്ഷം ഒരുമിച്ച് അഴിമതി നടത്തുന്നത് കേരളത്തിൽ മാത്രമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.