സ്വാതന്ത്ര്യദിന ആശംസ നേർന്ന് ഗവർണർ
Monday, August 14, 2023 11:39 PM IST
തിരുവനന്തപുരം: എഴുപത്തി ഏഴാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ നേർന്നു.
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരർ എന്ന നിലയിൽ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങൾ പാലിച്ചുകൊണ്ടും എല്ലാവർക്കും കൂടുതൽ അന്തസാർന്ന ജീവിതം ഉറപ്പാക്കാൻ യത്നിക്കാൻ നാം ബാധ്യസ്ഥരാണെന്ന് ഗവർണർ പറഞ്ഞു.
സ്വാതന്ത്രത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സ്വയം പുനഃസമർപ്പിച്ചുകൊണ്ട് ആ ദേശസ്നേഹികളെ നമുക്ക് സാദരം ഓർക്കാം.
ഭാരതീയർ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉൾക്കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂർണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ എന്ന് ഗവർണർ ആശംസിച്ചു.