അധ്യാപകനെ അപമാനിച്ച സംഭവം: ഫാസിലിനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് കെഎസ്യു
Tuesday, August 15, 2023 3:56 PM IST
കൊച്ചി: മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ ക്ലാസിനിടെ അപമാനിച്ച സംഭവത്തില്‍ കെഎസ്യു അധ്യാപകനൊപ്പമെന്ന് സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍. കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിലിനെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണ്. ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരാതി നല്‍കുമെന്നും അലോഷ്യസ് പറഞ്ഞു.
മൂന്നാം വര്‍ഷ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിനിടെയായിരുന്നു സംഭവം. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ഥികള്‍ അപമാനിച്ചത്.
അധ്യാപകന് ക്ലാസ് എടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ ക്ലാസ്മുറിക്കുള്ളില്‍ ഓടിനടക്കുകയും അനുവാദം കൂടാതെ പ്രവേശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അധ്യാപകന്റെ കസേര വലിച്ചുനീക്കാനും പിറകില്‍ നിന്ന് അംഗവിക്ഷേപം നടത്തി അപമാനിക്കാനും വിദ്യാര്‍ഥികള്‍ ശ്രമിച്ചിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ കോളജ് അധികൃതര്‍ ആറ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കമുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ പ്രതികരണവുമായി അധ്യാപകന് പ്രിയേഷ് രംഗത്തെത്തി. വിദ്യാര്‍ഥികള്‍ മറ്റു അധ്യാപകരുടെ ക്ലാസുകളില്‍ ഇങ്ങനെ ചെയ്യില്ലായിരുന്നു. കാഴ്ചശക്തിയില്ല എന്ന തന്റെ പരിമിതിയെയാണ് കുട്ടികള്‍ ചൂഷണം ചെയ്തത്. അതില്‍ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ഉദ്ദേശ്യം തിരുത്തുക എന്നുള്ളതാണെന്നും അതിനാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ തെറ്റു മനസിലാക്കണം. പ്രശ്നം കോളജിന്റെ ഉള്ളില്‍ തന്നെ പരിഹരിക്കണമെന്നാണ് തന്റെ ആഗ്രമെന്നും പ്രിയേഷ് വ്യക്തമാക്കി.