പ്രതിസന്ധി അതിരൂക്ഷം: നിരക്ക് വർധന ചർച്ച ചെയ്യാൻ വൈദ്യുതി ബോർഡിന്റെ യോഗം ഇന്ന്
Wednesday, August 16, 2023 10:24 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിരക്ക് വർധന അടക്കം ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. വൈകുന്നേരം നാലിനാണ് യോഗം ചേരുക.
ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. സംഭരണശേഷിയുടെ 30% വെള്ളം മാത്രമാണ് ഡാമുകളിൽ ശേഷിക്കുന്നത്. ദിവസവും 10 കോടി രൂപയുടെ വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നുണ്ട്.
പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതനുസരിച്ച് സർചാർജ് കൊണ്ടുവരാനാണ് ആലോചന. പ്രതിസന്ധി പരിഹരിക്കാൻ നിരക്ക് വർധന വേണ്ടിവരുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു.
‘‘വൈദ്യുതി നിരക്ക് വർധന ബോർഡോ സർക്കാരോ അല്ല തീരുമാനിക്കുന്നത്. റെഗുലേറ്റർ കമ്മിഷൻ അംഗീകരിച്ചാൽ മാത്രമേ തീരുമാനമുണ്ടാകൂ. നിലവിൽ അത് പരിഗണനയിലില്ല. ഡാമുകളില്‍ ജലനിരപ്പ് കുറവായതിനാല്‍ മഴ പെയ്തില്ലെങ്കില്‍ പ്രതിസന്ധി കൂടും.
രണ്ടു ദിവസം മഴ പെയ്താൽ നിരക്കു കൂട്ടേണ്ടി വരില്ല. മഴയില്ലെങ്കിൽ പ്രതിസന്ധിയുണ്ടാകും. വാങ്ങുന്ന വിലയ്ക്കേ കൊടുക്കാൻ പറ്റൂ. ഉപഭോക്താവിനെ കഴിയുന്നത്ര വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുക.
അധിക വൈദ്യുതി പണം കൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. നാളത്തെ വൈദ്യുതി ബോര്‍ഡ് യോഗം സ്ഥിതി വിലയിരുത്തും. ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ മന്ത്രി പറഞ്ഞു.