അത്താണിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് അപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു
Monday, August 21, 2023 8:52 AM IST
നെടുമ്പാശേരി: ദേശീയപാതയിൽ നെടുന്പാശേരി അത്താണിക്ക് സമീപം പിക്കപ്പ് വാൻ ഇടിച്ച് ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരായ രണ്ട് സ്ത്രീകൾ മരിച്ചു.
മേയ്ക്കാട് തുരത്തുശേരി വല്ലത്തുകാരൻ മേയ്ക്കാട് മറിയാമ്മ (52), തൈവളപ്പിൽ ഷീബ (50) എന്നിവരാണ് മരിച്ചത്. ഇരുവരും കാംകോയിലെ താൽക്കാലിക ജീവനക്കാരാണ്.
പുലർച്ചെ ഏഴിനാണ് അപകടമുണ്ടായത്. അങ്കമാലിയിൽനിന്നും എറണാകുളത്തേയ്ക്ക് മരുന്നുമായി പോകുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.
സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഫയർഫോഴ്സിന്റെ ആബുലൻസിൽ ഇരുവരെയും അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്കു മാറ്റി. പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. പിക്കപ്പ് ഡ്രൈവറായ തമിഴ്നാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.