നവജാത ശിശുക്കളുടെ കൊലപാതകം: നഴ്സ് ലൂസിക്ക് ആജീവനാന്ത തടവ്
Monday, August 21, 2023 6:34 PM IST
ലണ്ടൻ: ബ്രിട്ടണെ നടുക്കിയ നവജാത ശിശുക്കളുടെ കൊലപാതകങ്ങളിൽ നഴ്സ് ലൂസി ലെറ്റ്ബിക്ക്(33) അജീവനാന്ത തടവുശിക്ഷ വിധിച്ച് കോടതി.
ജീവിതാവസാനം വരെ ലെറ്റ്ബി തടവിൽ തുടരണമെന്നും ഒരിക്കലും പുറത്തിറങ്ങാൻ അനുവദിക്കരുതെന്നും മാഞ്ചസ്റ്റർ ക്രൗൺ കോടതി വിധിച്ചു. ക്രൂരവും ആസൂത്രിതവുമായ രീതിയിലാണ് ഏറ്റവും ബലഹീന ഗണത്തിൽപ്പെടുന്ന കുട്ടികളെ ലെറ്റ്ബി കൊലപ്പെടുത്തിയതെന്ന് വിധി പ്രസ്താവിക്കവേ കോടതി പറഞ്ഞു. ശിക്ഷാവിധി കേൾക്കാൻ ലെറ്റ്ബി കോടതിയിൽ എത്തിയിരുന്നില്ല.
വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിലെ പ്രസവ വാർഡിൽ 2015-നും 2016-നും ഇടയ്ക്ക് രണ്ടു പെൺകുഞ്ഞുങ്ങളടക്കം ഏഴു ശിശുക്കളാണ് കൊല്ലപ്പെട്ടത്. ആറ് നവജാതശിശുക്കളെ ലെറ്റ്ബി കൊല്ലാൻ ശ്രമിച്ചതായും കോടതി കണ്ടെത്തി.
രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ഇവർ ഇൻസുലിൻ കുത്തിയ്ക്കൽ, വായു കുത്തിവയ്ക്കൽ, നിർബന്ധിച്ച് പാലു കുടിപ്പിക്കൽ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് കൊലപാതകങ്ങൾ നടത്തിയത്.
പ്രസവ വാർഡിൽ അസ്വാഭാവിക മരണങ്ങൾ വർധിക്കുന്നതിൽ ആശുപത്രിയിലെ ഇന്ത്യൻ വംശജനായ ശിശുരോഗ വിദഗ്ധൻ രവി ജയറാം അടക്കമുള്ള ഡോക്ടമാർക്ക് സംശയം തോന്നിയതാണ് ലൂസിയുടെ അറസ്റ്റിലേക്ക് നയിച്ചത്.