വാഗ്നർ തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ മരിച്ചതായി അഭ്യൂഹം
Wednesday, August 23, 2023 11:13 PM IST
മോസ്കോ: റഷ്യയിലെ വാഗ്നർ കൂലിപ്പട്ടാളത്തിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി അഭ്യൂഹം.
ബുധനാഴ്ച മോസ്കോയിൽ തകർന്നുവീണ വിമാനത്തിൽ പ്രിഗോഷിനും ഉണ്ടായിരുന്നതായി ആണ് വിവരം. ട്വേർ മേഖലയിൽ തകർന്നുവീണ എംബ്രേർ വിമാനത്തിലെ യാത്രികരെല്ലാം മരിച്ചെന്ന് റഷ്യൻ വ്യോമയാന അതോറിറ്റിയായ റോസവിയാറ്റ്സിയ അറിയിച്ചു.
ഈ വിമാനത്തിലെ യാത്രികരുടെ ലിസ്റ്റിൽ പ്രിഗോഷിന്റെ പേര് ഉൾപ്പെട്ടിരുന്നു. എന്നാൽ പ്രിഗോഷിൻ ഈ വിമാനത്തിൽ യാത്ര ചെയ്തിരുന്നോ എന്നതിൽ വ്യക്തതയില്ല.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വിശ്വസ്തനായിരുന്ന പ്രിഗോഷിൻ, വാഗ്നർ കൂലിപ്പട്ടാളത്തെ യുക്രെയ്ൻ യുദ്ധമേഖലയിൽ അണിനിരത്തിയാണ് അടുത്തിടെ കുപ്രസിദ്ധി ആർജിച്ചത്. ഏറെ വർഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഗ്നർ കൂലിപ്പട്ടാളം പല രാജ്യങ്ങൾക്കായി പോരാടുന്നുണ്ട്. ക്രിമിനൽ സംഘങ്ങളിലെ അംഗങ്ങളും കൊലപാതക കേസ് പ്രതികളുമാണ് വാഗ്നർ പടയിലെ പ്രധാന അംഗങ്ങൾ.
മോസ്കോയിലെ കേറ്ററിംഗ് ബിസിനസിൽ നിന്ന് പടർന്നുപന്തലിച്ച് "പുടിന്റെ പാചകക്കാരൻ' എന്ന പേര് നേടിയ ശേഷമാണ് പ്രിഗോഷിൻ വാഗ്നറിലൂടെ സായുധസേന തലവനായത്.
യുക്രെയ്നിലെ റഷ്യൻ യുദ്ധതന്ത്രങ്ങൾ പാളിയെന്ന് ആരോപിച്ച് സർക്കാരിനെ അട്ടിമറിക്കാനായി ജൂലൈ മാസത്തിൽ പ്രിഗോഷിൻ വാഗ്നർ പടയുമായി മോസ്കോയിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ അട്ടിമറിശ്രമം വാഗ്നർ പട പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.