ബാലസോർ ട്രെയിൻ ദുരന്തം: ലെവൽക്രോസിന്റെ അറ്റകുറ്റപ്പണി അനുമതിയില്ലാതെ നടത്തിയെന്നു സിബിഐ
Friday, August 25, 2023 4:12 AM IST
ന്യൂഡൽഹി: ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. അപകടം നടന്ന ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിലെ ലെവൽക്രോസിംഗിന്റെ അറ്റകുറ്റപ്പണി സിഗ്നൽ ആൻഡ് ടെലികോം വിഭാഗത്തിലെ നീനിയർ ഡിവിഷണൽ എൻജിനീയറുടെ അനുമതിയില്ലാതെയാണ് നടത്തിയെന്നു സിബിഐ പറയുന്നു.
94-ാം നന്പർ ലെവൽക്രോസിംഗിലെ അറ്റകുറ്റപ്പണിയെത്തുടർന്നുള്ള സാങ്കേതിക പ്രശ്നമാണ് അപകടത്തിനുള്ള ഒരു ഒരു കാരണമെന്ന് ഭൂവനേശ്വറിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അന്വേഷണസംഘം പറയുന്നു. അറ്റകുറ്റപ്പണിക്കുശേഷം ലെവൽക്രോസിംഗിന്റെ പ്രവർത്തനം ശരിയായ രീതിയിലായിരുന്നില്ല. ഇതു പരിഹരിക്കുന്നതിനു മുതിർന്ന ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്നും സിബിഐ വ്യക്തമാക്കുന്നു.
കഴിഞ്ഞ ജൂൺ രണ്ടിനാണ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്കുതീവണ്ടിയിലേക്ക് കോറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറിയത്. ഇതേത്തുടർന്ന് പാളംതെറ്റിയ ബോഗികളിലേക്ക് യശ്വന്ത്പുർ ഹൗറ എക്സ്പ്രസ് പാഞ്ഞുകയറിയതോടെ 296 പേർക്കാണ് ജീവഹാനിയുണ്ടായത്. 1200-ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.