ഒ.പി.എസിന് വീണ്ടും തിരിച്ചടി; ഇ.പി.എസിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയ തീരുമാനം മദ്രാസ് ഹൈക്കോടതി ശരിവച്ചു
Friday, August 25, 2023 11:35 AM IST
ചെന്നൈ: അണ്ണാ ഡിഎംകെ അധികാരതര്‍ക്കത്തില്‍ ഒ.പനീര്‍സെല്‍വത്തിന് വീണ്ടും തിരിച്ചടി. എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയ തീരുമാനം മദ്രാസ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. ഇതിനെതിരേ ഒ.പനീര്‍സെല്‍വം അടക്കമുള്ളവര്‍ നല്കിയ അപ്പീല്‍ കോടതി തള്ളി.
2022 ജൂലൈ 11ന് ചേര്‍ന്ന എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗമാണ് എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഒ.പനീര്‍സെല്‍വത്തെ, കൗണ്‍സില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ പനീര്‍സെല്‍വം മദ്രാസ് ഹൈകോടതിയുടെ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഒ.പി.എസിന്റെ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.
സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേയാണ് പനീര്‍സെല്‍വവും ഒ.പി.എസ് പക്ഷത്തുള്ള മറ്റ് മൂന്ന് പേരും ചേര്‍ന്ന് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍ ജസ്റ്റീസ് മഹാദേവന്, ജസ്റ്റീസ് മുഹമ്മദ് ഷഫീക്ക് എന്നിവരുടെ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.