നീറോയും വീണയും..! പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന്റെ കരാർ വീണ്ടും നീട്ടി
Friday, August 25, 2023 8:27 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മെന്റർ എന്ന ആരോപണം നേരിട്ട ജെയ്ക് ബാലകുമാറിന്റെ വിവാദ കൾസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് സാംസ്കാരിക വകുപ്പിന്റെ പദ്ധതികളുടെ കൾസൾട്ടൻസി സേവനം നീട്ടി നൽകി സർക്കാർ.
സാംസ്കാരിക വകുപ്പിൽ നടപ്പാക്കുന്ന കിഫ്ബി പദ്ധതികളുടെ കൾസൾട്ടന്റായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനുള്ള (പിഡബ്ല്യുസി) കരാറുകൾ ഈ വർഷത്തേയ്ക്കു കൂടി ദീർഘിപ്പിച്ചു സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്ന സുരേഷിന് സർക്കാർ സ്ഥാപനമായ സ്പേസ് പാർക്കിൽ ഉന്നത തസ്തികയിൽ ലക്ഷങ്ങൾ ശന്പളത്തിൽ ജോലി നൽകിയത് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന കണ്‍സൾട്ടൻസി സ്ഥാപനമായിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ഇടപെട്ടാണ് സ്വപ്ന സുരേഷിനു ജോലി നൽകിയതെന്ന ആരോപണം ഉയർന്നിരുന്നു.
സാംസ്കാരിക വകുപ്പു നടപ്പാക്കുന്ന കിഫ്ബി പദ്ധതികളുടെ സ്പെഷൽ പർപ്പസ് വെഹിക്കിൾ ആയി സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനെയാണു നിയമിച്ചിരുന്നത്. പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിനായി കൻസൾട്ടന്റുമാരായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനേയും കിറ്റ്കോയേയും 2017-ൽ തെരഞ്ഞെടുക്കുകയും വിവിധ കാലയളവുകളിൽ കരാർ നീട്ടി നൽകുകയും ചെയ്തിരുന്നു.
കൾസൾട്ടൻസി സ്ഥാപനങ്ങളുടെ കാലാവധി 2022 ഡിസംബറിൽ അവസാനിച്ചു. ഈ കരാറാണ് വീണ്ടും ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ നീട്ടി നൽകിയത്. കണ്‍സൾട്ടൻസി നിലവിൽ ഡിപിആർ സമർപ്പിച്ച പദ്ധതികൾക്കു മാത്രമായിരിക്കും. നേരത്തെ നിശ്ചയിച്ചതിലും അധികമായി കണ്‍സൾട്ടൻസി ഫീസ് നൽകേണ്ടതില്ല.
സമർപ്പിക്കുന്ന ഡോക്യൂമെന്റുകൾക്ക് കരാറിലെ ഷെഡ്യൂൾ പ്രകാരമുള്ള ഫീസ് നൽകിയാൽ മതി. കണ്‍സൾട്ടൻസി കരാർ ദീർഘിപ്പിക്കുന്നതു മൂലം സർക്കാരിന് യാതൊരു അധിക സാന്പത്തിക ബാധ്യതയും ഉണ്ടാകാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കരാർ ദീർഘിപ്പിക്കാൻ തീരുമാനിച്ചത്.
എന്നാൽ, നടപ്പാക്കുന്നത് ഏതൊക്കെ പദ്ധതികളാണെന്നോ, ഇതിന് പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ കണ്‍സൾട്ടൻസി ഫീസ് ഇനത്തിൽ എത്ര കോടി അനുവദിച്ചിട്ടുണ്ട് തുടങ്ങിയ വിവരങ്ങളൊന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.