"വിനോദക്കാഴ്ചകൾ സ്ത്രീകൾ കാണേണ്ട'; ദേശീയ പാർക്കിലും വനിതാ വിലക്കുമായി താലിബാൻ
Sunday, August 27, 2023 6:21 PM IST
കാബുൾ: അഫ്ഗാനിസ്ഥാനിലെ പ്രമുഖ ദേശീയോദ്യാനം സന്ദർശിക്കുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കി താലിബാൻ ഭരണകൂടം. ഹിജാബ് നിബന്ധന സ്ത്രീകൾ ശരിയായി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം.
മധ്യ അഫ്ഗാനിസ്ഥാനിലെ ബാമിയൻ പ്രവിശ്യയിൽ 2009-ൽ നിലവിൽ വന്ന ബാന്ദ് ഇ ആമിർ ദേശീയ പാർക്ക് സന്ദർശിക്കുന്നതിൽ നിന്നാണ് സ്ത്രീകളെ താലിബാൻ വിലക്കിയത്.
സ്ത്രീകൾ പുറത്തുപോയി വിനോദക്കാഴ്ചകൾ കാണണമെന്നത് നിർബന്ധമുള്ള കാര്യമല്ലെന്നാണ് ഈ നടപടിയെ ന്യായീകരിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ താലിബാൻ സദാചാര സംരക്ഷണ വകുപ്പ് പറയുന്നത്. പാർക്കിൽ വരുന്ന സ്ത്രീകൾ ശരിയായി മുഖം മറയ്ക്കുന്നില്ലെന്നും ഹിജാബ് ധരിക്കുന്നില്ലെന്നും നേരത്തെ പരാതികൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ വിലക്കുമായി ഭരണകൂടം രംഗത്തെത്തിയത്.
നേരത്തെ, സ്കൂളുകൾ, പാർക്കുകൾ, ബ്യൂട്ടി പാർലറുകൾ എന്നീ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നതിൽ നിന്ന് സ്ത്രീകളെ താലിബാൻ വിലക്കിയിരുന്നു.