ദളിത് യുവാക്കളെ തലകീഴായി കെട്ടിയിട്ടു; ശരീരത്തിൽ മൂത്രമൊഴിച്ചു, ചെരിപ്പ് നക്കാൻ ആവശ്യപ്പെട്ടു
Monday, August 28, 2023 5:24 AM IST
മുംബൈ: ദളിതര്‍ക്ക് നേരെയുള്ള ക്രൂരത രാജ്യത്ത് വീണ്ടും ആവര്‍ത്തിക്കുന്നു. മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ ആറംഗസംഘം മരത്തിൽ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു. കൂടാതെ ഇവരുടെ ശരീരത്തില്‍ മൂത്രമൊഴിക്കുകയും ചെരിപ്പ് നക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആടിനെയും പ്രാവിനെയും മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദനം.
എന്റെ കാലിൽ കയർ കെട്ടി തലകീഴായി തൂക്കിയിട്ടു. എന്റെ കൂടെ മൂന്ന് ചെറിയ കുട്ടികളും ഉണ്ടായിരുന്നു. അവരെയും മർദ്ദിച്ചു. ഞങ്ങൾ അവരുടെ അയൽക്കാരാണ്. ഞങ്ങൾ താഴ്ന്ന ജാതിയിൽ നിന്നുള്ളവരാണ് (മഹർ).... അവർ ഞങ്ങളുടെ മേൽ മൂത്രമൊഴിച്ചു. അവർ തുപ്പിയ ചെരിപ്പ് നക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു,-ശുഭം മഘഡെ എന്നയാൾ പറഞ്ഞു.
പപ്പു പാർക്കെ, രാജു ബോർഗെ, യുവരാജ് ഗലാൻഡെ, നാനാ പാട്ടീൽ എന്നിവരാണ് തങ്ങളെ മർദിച്ചതെന്ന് ശുഭം പറഞ്ഞു. യുവരാജ് ഗലാൻഡെ എന്നയാളുടെ വീട്ടിൽ വച്ചായിരുന്നു മർദനം.
ആക്രമണത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് നടപടിയെടുത്ത പോലീസ് പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കിയുള്ളവർ ഒളിവിലാണ്.
സംഭവത്തെ മാനവികതയുടെ കളങ്കമെന്ന് പ്രതിപക്ഷമായ കോൺഗ്രസ് വിശേഷിപ്പിച്ചു.രാഷ്ട്രീയ നേട്ടത്തിനായി ബിജെപി വിദ്വേഷം പ്രചരിപ്പിക്കുന്നതിന്റെ ഫലമാണ് ഇത്തരം സംഭവങ്ങളെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
ദലിതരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ മുഖ്യ വക്താവ് മഹേഷ് തപസെ ആരോപിച്ചു.