ഉച്ചഭക്ഷണ പദ്ധതിക്ക് ദളിത് സ്ത്രീ പാചകം ചെയ്യുന്നതില്‍ പ്രതിഷേധം; കുട്ടികളെ സ്കൂള്‍ മാറ്റാനൊരുങ്ങി രക്ഷിതാക്കള്‍
Monday, August 28, 2023 10:44 AM IST
ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരില്‍ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് ദളിത് സ്ത്രീ പാചകം ചെയ്യുന്നതില്‍ പ്രതിഷേധം. തിരുപ്പൂര്‍ വള്ളിപ്പുറം പഞ്ചായത്ത് യൂണിയന് പ്രൈമറി സ്കൂളിലാണ് സംഭവം.
ഇവിടെ ഭക്ഷണം പാകം ചെയ്യുന്നത് ദളിത് സ്ത്രീയാണെന്ന് അറിഞ്ഞപ്പോള്‍ ഇതിനെതിരേ കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്തെത്തുകയായിരുന്നു. 44 കുട്ടികളാണ് ഇവിടെ ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നത്.
ഇതില്‍ 32 കുട്ടികളുടെ രക്ഷിതാക്കളാണ് ഇവിടെനിന്ന് ഭക്ഷണം കഴിക്കുന്നതില്‍നിന്ന് കുട്ടികളെ വിലക്കിയത്. ഇവരെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ തയാറായില്ലെങ്കില്‍ ടിസി വാങ്ങി കുട്ടികളെ സ്കൂളില്‍ നിന്ന് മാറ്റുമെന്നാണ് രക്ഷിതാക്കളുടെ നിലപാട്.
അതേസമയം ജീവനക്കാരിക്ക് പൂര്‍ണ പിന്തുണയുമായി അധികൃതര്‍ രംഗത്തെത്തി. ഒരു കാരണവശാലും ഇവരെ ജോലിയില്‍നിന്ന് മാറ്റില്ലെന്ന് ജില്ലാ
കളക്ടര്‍ അറിയിച്ചു.