സരോജിനി ബാലാനന്ദൻ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു: മുഖ്യമന്ത്രി
Wednesday, August 30, 2023 2:36 PM IST
തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവുമായിരുന്ന സരോജിനി ബാലാനന്ദന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
സ്ത്രീകളുടെ ഉന്നമനത്തിനായി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് സരോജിനി ബാലാനന്ദൻ നടത്തിയത്. സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, സ്ത്രീകൾ തൊഴിൽ രംഗത്ത് നേരിടുന്ന ചൂഷണങ്ങൾ എന്നിവയ്ക്കെതിരെ പരാതിക്കാരോടൊപ്പം നിന്ന് അവർ പോരാടിയെന്ന് അനുശോചനക്കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.
പ്രാദേശിക തലത്തിലടക്കം പ്രവർത്തിച്ച് ഉയർന്നുവന്ന നേതാവായിരുന്നു. ഇ.ബാലാനന്ദന്റെ ഭാര്യ എന്ന നിലയിൽ എന്നും അദ്ദേഹത്തോടൊപ്പം നിഴൽപോലെ സരോജിനി ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
തിരുവോണ ദിവസം വൈകിട്ട് പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സരോജിനി ബാലാനന്ദന്റെ അന്ത്യം. സിപിഎം മുൻ സംസ്ഥാന സമിതി അംഗമാണ്.