മുംബൈ: അദാനി ഗ്രൂപ്പിനെതിരെ ഗുരുതര കണ്ടെത്തലുമായി മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. ജനുവരിയില്‍ പുറത്ത് വന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട് (ഒസിസിആര്‍പി) പുതിയ റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വിട്ടത്.

നിഴല്‍ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പ് വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തട്ടിപ്പ് നടത്തിയെന്നും ഒസിസിആര്‍പി പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസിലുള്ള ചില വ്യാജ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പിന്‍റെ വിവിധ കമ്പനിയില്‍ രഹസ്യ നിക്ഷേപം നടത്തിയെന്നാണ് റിപ്പോര്‍ട്ടിലെ മുഖ്യ ആരോപണം.

റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരി മൂല്യത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് 35,600 കോടി രൂപയുടെ ഇടിവ് നേരിട്ടെന്നാണ് സൂചന. ഇന്ന് വ്യാപാരം ആരംഭിക്കുന്നതിന് മുന്‍പേ തന്നെ ഒസിസിആര്‍പി റിപ്പോര്‍ട്ടില്‍ വാസ്തവം ഇല്ലെന്ന് അദാനി ഗ്രൂപ്പ് അവകാശപ്പെട്ടെങ്കിലും നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിര്‍ത്താന്‍ ഇവര്‍ക്കായില്ല. അദാനി എന്‍റർപ്രൈസസാണ് ഏറ്റവുമധികം തകര്‍ച്ച നേരിട്ടത്.

ഓഹരി വിലയില്‍ 5.11 ശതമാനം ഇടിവാണ് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ അദാനി എന്‍റർപ്രൈസസിനുണ്ടായത്. അദാനി പോര്‍ട്ട്‌സ്, അദാനി പവര്‍, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവയുടെയെല്ലാം ഓഹരി വില താഴേയ്ക്കാണ്.

അദാനി ഗ്രൂപ്പില്‍ രഹസ്യ നിക്ഷേപം നടത്തിയ വിദേശികളുടെ പേരും റിപ്പോര്‍ട്ടിലുണ്ട്. തായ്‌വാന്‍ സ്വദേശി ചാങ് ചുങ് ലിങ്, യുഎഇ സ്വദേശി നാസര്‍ അലി ഷഹബാന്‍ അലി എന്നിവരാണ് ഇവരില്‍ ചിലരെന്ന് ഒസിസിആര്‍പി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.