ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി പുറത്ത് വന്ന ഒസിസിആര്‍പി റിപ്പോര്‍ട്ടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് പാലക്കാട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍. ഏകദേശം പതിമൂന്ന് മാസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് ഇത് തയാറാക്കിയതെന്ന് മാധ്യമപ്രവര്‍ത്തകനായ രവി നായര്‍ പറഞ്ഞു.

രവി ഉൾപ്പടെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അദാനി ഗ്രൂപ്പിനെതിരെ മുന്‍പ് നല്‍കിയ വാര്‍ത്തകളുടെ പേരിലുള്ള മാനനഷ്ടക്കേസിന്‍റെ നടപടികള്‍ ഇപ്പോഴും നടക്കുകയാണെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രവി പറഞ്ഞു.

റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിന് മുന്‍പ് ഇത് സംബന്ധിച്ച് അദാനി ഗ്രൂപ്പിന് വിശദമായ ചോദ്യാവലി അയയ്ച്ചിരുന്നുവെന്നും ചില മാധ്യമങ്ങള്‍ക്ക് ഇത് ചോര്‍ത്തിക്കിട്ടിയെന്നും രവി പറഞ്ഞു. ഒസിസിആര്‍പിക്ക് യുഎസ് ശതകോടീശ്വരനായ ജോര്‍ജ് സോറോസിന്‍റെ പിന്തുണയുണ്ടെന്നും ഇന്ത്യയെ തകര്‍ക്കാന്‍ ഒസിസിആര്‍പി നീക്കം നടത്തുന്നതായി ചില വാര്‍ത്തകള്‍ വന്നുവെന്നും രവി ചൂണ്ടിക്കാട്ടി.

ഒസിസിആര്‍പി ഒരു സ്വതന്ത്ര സ്ഥാപനമാണെന്നും അതിന്‍റെ എഡിറ്റോറിയല്‍ നയങ്ങളില്‍ നിക്ഷേപകര്‍ക്ക് ഇടപെടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം നാല്‍പതിലധികം സ്ഥാപനങ്ങളാണ് ഒസിസിആര്‍പിക്ക് സംഭവാന നല്‍കുന്നത്. ഇതില്‍ വെറും നാലു ശതമാനം മാത്രമാണ് ജോര്‍ജ് സോറോസിന്‍റെ വിഹിതം.

റിപ്പോര്‍ട്ട് പുറത്ത് വിട്ടത് കമ്പനിയുടെ ഓഹരിവില ഇടിക്കാനാണെന്ന് അദാനി അവകാശപ്പെടുമ്പോള്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അദാനിയുടെ ഓഹരിവില ഇടിച്ചിട്ട് എന്ത് കാര്യമെന്ന് രവി ചോദിക്കുന്നു. മാത്രമല്ല ഒസിസിആര്‍പി റിപ്പോര്‍ട്ടിലുള്ള മുഖ്യ വാദങ്ങളൊന്നും അദാനി നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അദാനി ഗ്രൂപ്പിനെതിരെ റിപ്പോര്‍ട്ട് വന്നപ്പോള്‍ ബിജെപിയുടെ ഐടി സെല്‍ എന്തിനാണ് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും രവി ചോദിച്ചു. മുന്‍പ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ അദാനി ഗ്രൂപ്പ് ആരോപിച്ച പഴുതുകള്‍ അടയ്ക്കുന്ന തരത്തിലാണ് ഒസിസിആര്‍പി റിപ്പോര്‍ട്ട് പുറത്ത് വന്നതെന്ന് ഹിന്‍ഡന്‍ബര്‍ഗ് കമ്പനി തന്നെ വ്യക്തമാക്കിയിരുന്നു.

അദാനി ഗ്രൂപ്പിന്‍റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ ദശലക്ഷക്കണക്കിന് ഡോളറിന്‍റെ രഹസ്യനിക്ഷേപം നടത്തിയവര്‍ക്ക് ഗൗതം അദാനിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട് എന്നതിന് വെള്ളിയാഴ്ച കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. ഇന്‍റർനാഷണൽ കണ്‍സോര്‍ഷ്യം ഓഫ് ജേണലിസ്റ്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

അദാനിയുടെ കമ്പനിയിലെ ഉദ്യോഗസ്ഥരുമായി രണ്ടു വിദേശികളും നേരിട്ട് ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരം തെളിയിക്കുന്നത്. ഇതു സംബന്ധിച്ച രേഖകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് സെബി അന്വേഷണ സംഘം പറഞ്ഞു.

രണ്ട് വിദേശപൗരന്മാരാണ് അദാനി കമ്പനികളിലേക്ക് നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതില്‍ ഇടപെട്ടത് എന്നത് നേരത്തെ പുറത്തുവന്നിരുന്നു. നാസിര്‍ അലി ഷബാന്‍, ചാംഗ് ചുംഗ് ലിംഗ് എന്നിവരാണിതിന്നാണ് റിപ്പോര്‍ട്ട്. ചാംഗ് ചുംഗ് ലിംഗ് സ്ഥാപിച്ച കമ്പനിയില്‍ ഡയറക്ടറായിരുന്നത് ഒരു ഗുജറാത്ത് സ്വദേശിയാണ്.

ഇയാള്‍ക്ക് പിന്നീട് അദാനിയുടെ കമ്പനിയുമായി നേരിട്ട് ബന്ധമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാസിര്‍ അലി ഷബാന്‍ അദാനി കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥന് പവര്‍ ഓഫ് അറ്റോണി നല്കിയിട്ടുണ്ട് എന്നതിന് തെളിവും ഇന്‍റർനാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ജേണലിസ്റ്റിനു ലഭിച്ചിരുന്നു.