ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിയെ ശല്യം ചെയ്ത മൂന്ന് പേർ പിടിയിൽ
Saturday, September 2, 2023 7:06 PM IST
കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി.
കണ്ണൂർ വളപട്ടണം റെയിൽവേ സ്റ്റേഷനിൽ വച്ച് ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. നാഗർകോവിൽ - മംഗലാപുരം റൂട്ടിൽ സർവീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിനുള്ളിൽ വച്ചാണ് മദ്യലഹരിയിലായിരുന്ന യുവാക്കൾ പെൺകുട്ടിയെ ശല്യം ചെയ്തത്.
ശല്യം ഏറിയതോടെ പെൺകുട്ടി അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ, അതിക്രമത്തെക്കുറിച്ച് പെൺകുട്ടി രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.