രാജസ്ഥാനിൽ ബിജെപി അധികാരത്തിൽ വരുമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ്
Sunday, September 3, 2023 9:13 AM IST
ജയ്പുർ: രാജസ്ഥാനിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. ബിജെപിയുടെ "പരിവർത്തൻ യാത്ര' ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൻ ഭൂരിപക്ഷത്തോടെ ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്. ഞങ്ങൾ രാജസ്ഥാനിൽ ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കുകയും അതിനെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്യും.
2018 ലെ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് രൂപീകരിച്ച സർക്കാർ, സീറ്റുകൾ ലാഭിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കോൺഗ്രസിന്റെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിലുള്ളതും പാർട്ടിക്കുള്ളിലെ അംഗങ്ങൾ തമ്മിലുള്ളതുമായ ആഭ്യന്തര കലഹങ്ങൾ കഴിഞ്ഞ നാലര വർഷത്തിനിടയിൽ നിങ്ങൾ കണ്ടിട്ടുണ്ട്. ഇത് രാജസ്ഥാനിലെ ഏഴ് കോടിയിലധികം ആളുകളെ ബാധിച്ചു. ഇതുമൂലം രാജസ്ഥാനിലെ ജനങ്ങൾക്ക് ചോരക്കണ്ണീരൊഴുക്കേണ്ടിവരുന്നു. കേന്ദ്രമന്ത്രി പറഞ്ഞു.
രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെ തുടർച്ചയായി അടിച്ചമർത്തൽ നടക്കുന്നു. ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനമായിരുന്ന രാജസ്ഥാൻ ബലാത്സംഗ തലസ്ഥാനമായി മാറി. അഴിമതി തടയുന്നതിനുപകരം രാജസ്ഥാനിൽ അഴിമതി നടത്തുന്നവർക്ക് അഭയവും ആത്മവിശ്വാസവും സർക്കാർ നൽകി.
സ്ത്രീകൾക്കെതിരായ പരാമർശങ്ങൾ നടത്തിയ രാജസ്ഥാനിലെ മന്ത്രിമാരെയും അദ്ദേഹം വിമർശിച്ചു. പൗരുഷത്തിന് പേരുകേട്ട സംസ്ഥാനമായതിനാലാണ് രാജസ്ഥാനിൽ ഇത്രയധികം കേസുകൾ ഉള്ളതെന്ന് പറഞ്ഞ് മന്ത്രിമാർ നാണക്കേടിന്റെ എല്ലാ ചങ്ങലകളും തകർത്തുവെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകൾ നടക്കുകയാണ്. അവ കൈകാര്യം ചെയ്യാൻ സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.