മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായി നിയമിക്കാനുള്ള നീക്കം; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടും
Sunday, September 3, 2023 9:39 AM IST
തിരുവനന്തപുരം: ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായി നിയമിക്കാനുള്ള ശിപാര്‍ശയില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. സേവ് യൂണിവേഴ്സിറ്റി ഫോറം, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ നല്കിയ പരാതിയിലാണ് നടപടി.
ഇത് സംബന്ധിച്ച കത്ത് ഗവര്‍ണര്‍ ഉടന്‍ ചീഫ് സെക്രട്ടറിക്ക് അയയ്ക്കുമെന്നാണ് വിവരം. സര്‍ക്കാരിന്റെ വിശദീകരണം കിട്ടിയ ശേഷമാകും ഇക്കാര്യത്തില്‍ ഗവര്‍ണര്‍ അന്തിമ തീരുമാനം എടുക്കുക.
മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായി നിയമിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ആദ്യം മുതല്‍ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്ന് വിരമിച്ച അവസരത്തില്‍ മണികുമാറിന് സര്‍ക്കാര്‍ യാത്രയയപ്പ് നല്കിയതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ വിയോജനക്കുറിപ്പോടെയാണ് നിയമന ശിപാര്‍ശ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. ഇത് അംഗീകരിക്കരുതെന്ന് കാട്ടി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സേവ് യൂണിവേഴ്സിറ്റി ഫോറവും ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
താന്‍ പ്രതിപക്ഷ നേതാവായിരിക്കെ സര്‍ക്കാരിനെതിരേ നല്കിയ പല കേസുകളിലും സര്‍ക്കാരിന് അനുകൂലമായ നിലപാടെടുത്ത ആളാണ് മണികുമാറെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ പരാതി.