അഭിമാനം... ആദിത്യ എല്‍1ന്റെ ആദ്യ ഭ്രമണപഥ ഉയര്‍ത്തല്‍ വിജയകരം
Sunday, September 3, 2023 12:47 PM IST
അമരാവതി: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1ന്റെ ഭ്രമണപഥ ഉയര്‍ത്തല്‍ വിജയകരം. രാവിലെ 11:45ഓടെ ആദ്യ ഭ്രമണപഥ ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഇസ്രോ അറിയിച്ചു. അടുത്ത ഭ്രമണപഥ ഉയര്‍ത്തല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് നടക്കും.
പിന്നീട് രണ്ട് ഭൗമ ഭ്രമണപഥ മാറ്റം കൂടിയുണ്ടാകും. അഞ്ചാം ഘട്ടത്തിലാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് സൂര്യനും ഭൂമിക്കും ഇടയിലുള്ള എല്‍1 പോയിന്റിലേയ്ക്കുള്ള യാത്ര തുടങ്ങുക.
ശനിയാഴ്ച രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണതറയില്നിന്നാണ് ആദിത്യയുമായി പിഎസ്എല്‍വി എക്സ്എല്‍ സി57 റോക്കറ്റ് കുതിച്ചുയര്‍ന്നത്. കൃത്യം 64ാം മിനിറ്റില്‍ ഭൂമിയില്‍നിന്ന് 648.7 കിലോമീറ്റര്‍ അകലെവച്ച് ആദിത്യ എല്‍1 വിക്ഷേപണ വാഹനത്തില്‍നിന്ന് വേര്‍പെട്ടിരുന്നു.
125ഓളം ദിവസം നീണ്ട് നില്ക്കുന്ന യാത്രയിലാണ് ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചെ ബിന്ദുവില്‍(എല്‍1) എത്തുക. ഭൂമിയില്‍ നിന്നും ഏകദേശം ഒന്നര ദശലക്ഷം കിലോമീറ്റര്‍ അകലെയാണിത്.
സൗരകൊടുങ്കാറ്റിന്റെയും സൂര്യന്റെ പുറം ഭാഗത്തുള്ള താപവ്യതിയാനങ്ങളുടെയും കാരണം കണ്ടെത്തുകയാണ് ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യം. സൂര്യനില്‍ നിന്നും പ്ലാസ്മ, കാന്തിക വലയം എന്നിവ പുറന്തള്ളുന്ന കൊറോണല്‍ മാസ് ഇജക്ഷന് (സിഎംഇ) പ്രതിഭാസത്തെ പറ്റിയുള്ള പഠനവും ആദിത്യയിലൂടെ ലക്ഷ്യമിടുന്നുണ്ട്. സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്നുള്ള റേഡിയേഷന് ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാക്കുന്ന മാറ്റങ്ങളും പഠനവിധേയമാക്കും.
ഇന്ത്യയുടെ പ്രഥമ സൗരദൗത്യത്തിന് ഏകദേശം 368 കോടി രൂപയോളം ചെലവ് വരുമെന്നാണ് പ്രതീക്ഷ.