അമേരിക്കയില്‍ നിന്ന് കൊറിയര്‍വഴി മാരകലഹരി; യുവാവ് പിടിയിൽ
Sunday, September 3, 2023 9:33 PM IST
കൊച്ചി: അമേരിക്കയില്‍ നിന്ന് കൊറിയര്‍ മാര്‍ഗം കേരളത്തിലെത്തിയ 123 എല്‍എസ്ഡി സ്റ്റാമ്പുകള്‍ (1.41 ഗ്രാം) പിടികൂടി. കൊച്ചിയിലെ വിദേശ പോസ്റ്റ് ഓഫീസിനൊപ്പം പ്രവര്‍ത്തിക്കുന്ന കസ്റ്റംസിന്റെ സ്പെഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ സംഘമാണ് ലഹരി വസ്തു പിടികൂടിയത്.
സംഭവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ നായരമ്പലം സ്വദേശി ചന്തു പുരുഷോത്തമൻ (30) അറസ്റ്റിലായി. ഇയാൾ കൊറിയര്‍ കൈപ്പറ്റാനെത്തിയപ്പോഴാണ് കുടുങ്ങിയത്.
കഴിഞ്ഞ 31ന് അമേരിക്കയില്‍ നിന്നയച്ച കൊറിയര്‍ ഈ മാസം രണ്ടിനാണ് ഫോറിന് പോസ്റ്റ് ഓഫീസിലെത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിവരം കസ്റ്റംസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊറിയര്‍ കൈപ്പറ്റാനെത്തിയ ചന്തുവിനെ ഇന്റലിജന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ഇയാളില്‍ നിന്ന് ലഹരി വസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്തതിന്റെ ഡിജിറ്റല്‍ രേഖകള്‍ കണ്ടെത്തി. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിദേശത്തുനിന്ന് എത്തുന്ന കൊറിയറുകള്‍ എറണാകുളത്തെ ഫോറിന് പോസ്റ്റ് ഓഫീസിലാണ് എത്തുന്നത്. ഇവിടെ നിന്ന് സൂക്ഷ്മപരിശോധന നടത്തിയ ശേഷമാണ് മേല്‍വിലാസക്കാര്‍ക്ക് നല്‍കുന്നത്. സംശയം തോന്നുന്ന കൊറിയറുകളുണ്ടെങ്കില് വിവരം കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കും.