സംവരണ പ്രക്ഷോഭത്തിനിടെ മറാത്തകൾക്ക് നേരെ ലാത്തിചാർജ്; മാപ്പ് പറഞ്ഞ് ഫഡ്നാവിസ്
Monday, September 4, 2023 5:29 PM IST
മുംബൈ: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനും സംവരണം ആവശ്യപ്പെട്ട് മറാത്ത വിഭാഗക്കാർ ജൽന ജില്ലയിൽ നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് ലാത്തിചാർജ് നടത്തിയതിൽ മാപ്പ് പറഞ്ഞ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശിയത് തെറ്റായ നടപടിയാണെന്നും അതിൽ ഖേദിക്കുന്നതായും ഫഡ്നാവിസ് പറഞ്ഞു.
സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കും. ഉന്നത ഉദ്യോഗസ്ഥരുടെയോ സർക്കാരിന്റെയോ നിർദേശപ്രകാരമല്ല ലാത്തിചാർജ് നടന്നത്. ക്രമസമാധാനം നിയന്ത്രിക്കാനായി പ്രാദേശികതലത്തിൽ എടുത്ത തീരുമാനമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറാത്ത വിഭാഗത്തിനെതിരെ ബിജെപി - ശിവസേന(ഷിൻഡേ) സർക്കാർ പോലീസിനെ ഉപയോഗിച്ച് മനഃപൂർവം അതിക്രമം നടത്തിയെന്ന ആരോപണം മഹാ വികാസ് അഘാഡി ശക്തമാക്കിയതിന് പിന്നാലെയാണ് ഫഡ്നാവിസിന്റെ ഈ വിശദീകരണം.