താലിബാന്റെ ഭീഷണി: അഞ്ച് അഫ്ഗാൻ യുവതികളെ ഫ്രാൻസ് രക്ഷപ്പെടുത്തി
Tuesday, September 5, 2023 1:11 AM IST
പാരീസ്: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ ഭീഷണിയിൽ കഴിഞ്ഞിരുന്ന അഞ്ച് സ്ത്രീകളെ ഫ്രാൻസ് രക്ഷപ്പെടുത്തി. മുൻ സർവകലാശാല ഡയറക്ടർ, സന്നദ്ധ സംഘടനയുടെ കൺസൾട്ടന്റായിരുന്ന യുവതി, മുൻ ടിവി അവതാരക, അധ്യാപിക, സാമൂഹ്യപ്രവർത്തക എന്നിവരെയാണു രക്ഷപ്പെടുത്തിയത്.
ഒരു യുവതിക്കൊപ്പം അവരുടെ മൂന്നു മക്കളുമുണ്ട്. പാശ്ചാത്യരാജ്യങ്ങളുമായി ബന്ധമുണ്ടെന്നതിന്റെ പേരിലാണ് ഇവർക്ക് താലിബാനിൽനിന്നു ഭീഷണിയുണ്ടായത്. തങ്ങൾക്ക് സുരക്ഷിതജീവിതം നയിക്കാൻ വഴിയൊരുക്കണമെന്ന് ഇവർ പലകുറി ഫ്രഞ്ച് സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. 2021ൽ താലിബാൻ ഭരണം പിടിക്കുകയും വിദേശരാജ്യങ്ങൾ വിമാനസർവീസ് നിർത്തിവയ്ക്കുകയും ചെയ്തതോടെ ഇവരുടെ യാത്ര തടസപ്പെട്ടു.
ഇതോടെ ഇവർ പാക്കിസ്ഥാനിൽ അഭയം തേടുകയായിരുന്നു. ഇസ്ലാമാബാദിലെ ഫ്രഞ്ച് എംബസി മുഖേനയാണ് സ്ത്രീകളുടെ ഒഴിപ്പിക്കൽ പ്രക്രിയ പൂർത്തിയായത്. ഇന്നലെ പാരീസിലെത്തിയ സ്ത്രീകൾക്ക് അഭയാർഥികളെന്ന പരിഗണന നൽകി താമസസൗകര്യവും മറ്റും നൽകാനാണ് ഫ്രാൻസിന്റെ തീരുമാനം.