തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് രാജസ്ഥാൻ കോൺഗ്രസ്; കോർ കമ്മിറ്റി രൂപീകരിച്ചു
Thursday, September 7, 2023 3:20 AM IST
ന്യൂഡൽഹി: രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു കടന്ന് കോൺഗ്രസ് നേതൃത്വം. സുഖ്ജിന്ദർ രൺദാവയുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റി രൂപീകരിച്ചതിനു പുറമേ പ്രകടനപത്രിക തയ്യാറാക്കുന്നതിനായി സി.പി. ജോഷിയുടെ അധ്യക്ഷതയിലുള്ള സംഘത്തെയും നിയോഗിച്ചു. പ്രചാരണസമിതിയുടെ നേതൃത്വം ഗോവിന്ദ് സിംഗ് മേഘ്വാളിനാണ്.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കായി ഹരീഷ് ചൗധരിയുടെ നേതൃത്വത്തിൽ മറ്റൊരു സമിതിയും ഉണ്ട്. മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, സി.പി ജോഷി ഉൾപ്പെടെയാണ് പത്തംഗ കോർകമ്മിറ്റി. മുഖ്യമന്ത്രിയുൾപ്പെടെ മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി 26 അംഗ കോർഡിനേഷൻ കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്.
ഈ വർഷം അവസാനമാണ് നിയമസഭാ തെരഞ്ഞെടുപ്പ്. അധികാരത്തുടർച്ച ലക്ഷ്യമിട്ടാണ് ഗഹ്ലോട്ടിന്റെ നേതൃത്വത്തിൽ പാർട്ടി മത്സരത്തിനൊരുങ്ങുന്നത്.