യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
Thursday, September 7, 2023 11:45 PM IST
കോട്ടയം: ചിങ്ങവനത്ത് ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പനച്ചിക്കാട് കുഴിമറ്റം ഭാഗത്ത് മീനചിറകരോട്ട് വീട്ടിൽ അർജുൻ രാജ് (24), പനച്ചിക്കാട് കുഴിമറ്റം ഭാഗത്ത് മീനചിറകരോട്ട് വീട്ടിൽ എം.പി. ആദർശ് (19) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ചേർന്ന് തിങ്കളാഴ്ച രാത്രി പതിനൊന്നോടെ പരുത്തുംപാറ,സായിപ്പ് കവല ഭാഗത്ത് വില്ലേജ് ഓഫീസിന് സമീപം വച്ച് കുഴിമറ്റം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഹോട്ടൽ ജീവനക്കാരനായ യുവാവ് രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ പ്രതികളിൽ ഒരാളായ അര്ജുന് യുവാവിനെ ചീത്ത വിളിക്കുകയും, ഇത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം അര്‍ജുനും ആദർശും സ്കൂട്ടറിൽ പിന്തുടർന്നെത്തി യുവാവിനെ ആക്രമിക്കുകയും സ്റ്റീൽ പൈപ്പുകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു.
പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശക്തമായ തെരച്ചിലിനൊടുവിൽ ഇരുവരെയും പിടികൂടുകയായിരുന്നു.