ഐഎസ്എല്‍ പൂരത്തിന് 21ന് കൊടിയേറും; ആദ്യ മത്സരം ബ്ലാസ്റ്റേഴ്സും ബംഗളൂരുവും
Thursday, September 7, 2023 11:50 PM IST
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പുതിയ സീസണിനുള്ള മത്സരക്രമങ്ങൾ പുറത്ത്. സെപ്റ്റംബർ 21 നാണ് 2023-24 സീസണിനു തുടക്കമാകുന്നത്. കൊച്ചിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും കൊമ്പുകോർക്കും.
10-ാമത് സീസണാണ് ഇത്തവണ നടക്കുന്നത്. ഐ-ലീഗ് ചാന്പ്യന്മാർ കൂടി എത്തുന്നതോടെ ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ടീമുകൾ മാറ്റുരയ്ക്കുന്ന സീസണാകും ഇത്.
ഡിസംബർ വരെയുള്ള ഫിക്സ്ചർ ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ളവ ഈ വർഷം അവസാനത്തില്‍ പുറത്തുവരും. കഴിഞ്ഞ സീസണിലെ ഐ-ലീഗ് ചാന്പ്യന്മാരായ പഞ്ചാബ് എഫ്സിയാണ് ഐഎസ്എല്ലിൽ ആദ്യമായി അങ്കം കുറിക്കാനെത്തുന്നത്.
നിലവിലെ ഐഎസ്എൽ ചാന്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റുമായാണ് പഞ്ചാബിന്റെ ആദ്യ മത്സരം. നിലവിലെ ഡ്യൂറൻഡ് കപ്പ് ചാന്പ്യന്മാർ കൂടിയാണ് മോഹൻ ബഗാൻ. കരുത്തരായ ഈസ്റ്റ് ബംഗാൾ ആദ്യ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയെ നേരിടും. സെപ്റ്റംബർ 25ന് സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.