ഭൂരിപക്ഷം കണ്ട് ഞെട്ടി ഇടതുപക്ഷം; സഹതാപതരംഗത്തിനൊപ്പം ഭരണവിരുദ്ധവികാരവും
വി. ശ്രീകാന്ത്
Friday, September 8, 2023 3:54 PM IST
തിരുവനന്തപുരം: പുതുപ്പള്ളിയിലെ പ്രതിപക്ഷത്തിന്റെ ഭൂരിപക്ഷക്കുതിപ്പ് കണ്ടു ഞെട്ടൽ മാറാതെ കിതച്ചൊതുങ്ങി ഇടതുപക്ഷം. വിവാദങ്ങൾക്കെല്ലാം പരിഹാസ മേന്പടിയോടെ മറുപടി പറഞ്ഞ് ഭരണപക്ഷ നേതാക്കൾ കാട്ടിക്കൂടിയതിനെയെല്ലാം പുതുപ്പള്ളിക്കാർ നല്ലപോലെയങ്ങ് വിലയിരുത്തി.
വോട്ടെണ്ണല്ലിന്റെ തൊട്ടുമുന്പ് വരെ ഇടതുപക്ഷ ക്യാന്പ് പ്രതീക്ഷിച്ച നേരിയ ഭൂരിപക്ഷമെന്ന സ്വപ്നം ചാണ്ടി ഉമ്മൻ അങ്ങ് ആകാശം മുട്ടേ അനുഗ്രഹാശിസുകളുമായി ഇരിക്കുന്ന ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ ഇല്ലാണ്ടാക്കി. ഉമ്മൻ ചാണ്ടിയോടുള്ള സഹതാപവും ഭരണപക്ഷ വിലയിരുത്തലുമെല്ലാം ഒത്തുചേർന്നപ്പോൾ കോണ്ഗ്രസ് കണക്കുകൂട്ടിയ മഹാഭൂരിപക്ഷത്തിലേക്ക് ചാണ്ടി ഉമ്മൻ എത്തി.
ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കഴിഞ്ഞ തവണ കുത്തനെ കുറച്ച ജെയ്ക് സി. തോമസ്, ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെ എങ്ങനെയും പിടിച്ചുകെട്ടുമെന്നുള്ള ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകൾ അന്പേ പാളി.
ജനം കുത്തിയത് സർക്കാരിന്റെ ചങ്കിൽ
പോസ്റ്റൽ വോട്ട് മുതൽ അങ്ങോട്ട് ചാണ്ടി ഉമ്മൻ കയറിയ ഭൂരിപക്ഷമല കണ്ട് ജെയ്ക് സി. തോമസ് ശരിക്കും തരിച്ചിരുന്നിട്ടുണ്ടാവും. ഇങ്ങനെ ഒരു തോൽവി ജെയ്ക്കിന്റെ ചിന്തകളിൽ പോലും ഉണ്ടായി കാണാൻ ഇടയില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഭരണപക്ഷ മന്ത്രിമാരുടെ വൻനിര തന്നെ പുതുപ്പള്ളിയിലെത്തി ജെയ്ക്കിനായി പ്രചാരണത്തിനിറങ്ങിയതൊന്നും ഫലം കണ്ടില്ല. സഹതാപതരംഗത്തിന് മുകളിലേക്ക് ഭരണപക്ഷ വിരുദ്ധ നിലപാട് തുറന്ന് കാണിക്കാനുള്ള അവസരം പുതുപ്പള്ളി ജനത നന്നായിട്ടങ്ങ് വിനിയോഗിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഭരണ വിലിയിരുത്തലാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതൊന്നും ജനം മറന്നില്ല. അതുകൊണ്ട് തന്നെ ഭരണപക്ഷ ധാർഷ്ട്യത്തിനെതിരെ ജനം തികഞ്ഞ ബോധത്തോടെ വോട്ട് കുത്തി. ആ കുത്ത് പിണറായി സർക്കാരിന്റെ ചങ്കിൽ തറച്ചിരിക്കുകയും ചെയ്തു.
അപ്പന്റെ വഴിയേ ചാണ്ടിയും
മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണ വേദികളിലുണ്ടാക്കിയ ഇളക്കമൊന്നും വോട്ടിൽ പ്രതിഫലിക്കാതെ വന്നപ്പോൾ ഇടതുപക്ഷം അന്പേ പിന്നിലേക്ക് പോയി. താത്വികമായ അവലോകനങ്ങൾ വഴി ജെയ്ക് ചാണ്ടി ഉമ്മനെ നിരന്തരം വെല്ലുവിളിച്ചപ്പോഴും ചാണ്ടി എന്നും ജനങ്ങൾക്കൊപ്പമെന്നു മാത്രം ആവർത്തിച്ചു കൊണ്ടിരിന്നു.
അപ്പന്റെ വഴിയെ താനും ജനങ്ങൾക്ക് ഇടയിലേക്ക് തന്നെയെന്ന് പ്രചാരണ വഴിയിൽ ഉടനീളം ചാണ്ടി ഉമ്മൻ കാട്ടി തന്നു. ആ ഓട്ടം പോലുള്ള നടത്തവും ചെരുപ്പിടാതെയുള്ള പോക്കുമെല്ലാം സോഷ്യൽ മീഡിയയിൽ ചാണ്ടി ഉമ്മന് ട്രോൾ മഴ നൽകിയപ്പോഴും ചാണ്ടി കുലുങ്ങിയില്ല. ചിരിച്ച് കൊണ്ട് മുന്നോട്ട് പോയി. ആ മുന്നേറ്റം തന്നെയാണ് ചാണ്ടിയെ വൻ ഭൂരിപക്ഷത്തിലേക്ക് എത്തിച്ചതും.
ലോക്സഭാ ഇലക്ഷൻ ഇടതിനു വെല്ലുവിളി
ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ കിട്ടിയ അവസരം ജനം വിനിയോഗിക്കുമെന്ന് അച്ചു ഉമ്മൻ പറഞ്ഞത് അച്ചട്ടായി. ഭരണപക്ഷത്തിനെതിരെ ജനവികാരം പെയ്തിറങ്ങിയ പകലായിരുന്നു പുതുപ്പള്ളിക്കാർക്ക് ഇന്ന്. ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വച്ചടി വച്ചടി മുന്നേറിയപ്പോൾ ഇടത് ക്യാന്പ് മരവിച്ച മട്ടായി.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് വൻ വെല്ലുവിളിയാകുമെന്ന് ഇതോടെ ഇടത് ക്യാന്പ് ഉറപ്പിച്ചിട്ടുണ്ടാകണം. ഭരണവിരുദ്ധ വികാരം എങ്ങുമില്ലായെന്നുള്ള മന്ത്രിമാരുടെ വീന്പളക്കലിനാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കനത്ത അടി നൽകിയത്. ഇനിയിപ്പോൾ ന്യായീകരണം കണ്ടുപിടിക്കാനുള്ള അവലോകന യോഗങ്ങൾ എത്രയും വേഗം കൂടാനുള്ള തത്രപ്പാടിലായിരിക്കും ഇടതുപക്ഷം.