മൊറോക്കോ ഭൂചലനം; മരണസംഖ്യ 1,000 കടന്നു
Saturday, September 9, 2023 9:57 PM IST
റാബത്ത്: മൊറോക്കോയിൽ വൻ നാശം വിതച്ച ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു. മൊറോക്കൻ ആഭ്യന്തര മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം 1,037 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
പരിക്കേറ്റ് ചികിത്സയിലുള്ള 1,204 പേരിൽ 721 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മരിച്ചവരില്‍ ഭൂരിഭാഗം പേരും അല്‍-ഹൗസ്, തരൂഡന്റ് പ്രവിശ്യകളിൽ ഉള്ളവരാണ്. കെട്ടിടാവിശിഷ്ടങ്ങൾക്കിടിയിൽ കുടുങ്ങിപ്പോയവർക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
മരാരെക്ക് പ്രവിശ്യയിലെ പ്രസിദ്ധമായ ഖുതൂബിയ മസ്ജിദിന് ഭൂചലനത്തിൽ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഇടമാണ് ഖുതൂബിയ മസ്ജിദ്.
വെള്ളിയാഴ്ച രാത്രി 11-നാണ് മൊറോക്കോയെ നടുക്കിയ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് 19 മിനിറ്റിനുശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ തുടര്‍ച്ചലനങ്ങളും അനുഭവപ്പെട്ടു.
പ്രഭവകേന്ദ്രമായ മരാരെക്കിന് പുറമേ തീരദേശ നഗരങ്ങളായ റാബത്ത്, കാസബ്ലാങ്ക, എസൗറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു. വൈദ്യുതി ബന്ധവും ടെലഫോണ്‍ നെറ്റ്വര്ക്കും നഷ്ടമായി.