ചെന്നൈയിലെ എ.ആര്‍ റഹ്മാന് ഷോ: ആയിരങ്ങള്‍ മുടക്കിയിട്ടും പ്രവേശനം ലഭിച്ചില്ല, പ്രതിഷേധിച്ച് ആരാധകര്‍
വെബ് ഡെസ്ക്
Monday, September 11, 2023 11:03 AM IST
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് നേരെ സമൂഹ മാധ്യമത്തില്‍ ആരാധകരുടെ പ്രതിഷേധമെന്ന് റിപ്പോര്‍ട്ട്. ചെന്നൈയില്‍ "മറക്കുമാ നെഞ്ചം' എന്ന സംഗീത പരിപാടിക്ക് ടിക്കറ്റ് എടുത്തിട്ടും പ്രവേശനം ലഭിച്ചില്ലെന്ന് കാട്ടിയാണ് രോഷം ഉയര്‍ന്നത്.
2,000 രൂപയുടെ ടിക്കറ്റ് എടുത്തവര്‍ക്കടക്കം ഷോ കാണാന്‍ സാധിച്ചില്ലെന്നും മറ്റ് ആളുകള്‍ ആ സീറ്റുകള്‍ കൈയടക്കിയെന്നും എക്‌സില്‍ പോസ്റ്റുകള്‍ വന്നിരുന്നു. ചെന്നൈയുടെ പ്രാന്തപ്രദേശത്ത് ഞായറാഴ്ച നടന്ന പരിപാടിയുടെ വീഡിയോ ക്ലിപ്പുകളും എക്‌സില്‍ വന്നിട്ടുണ്ട്.
പരിപാടി നടക്കുന്ന വേദിയിലേക്ക് പ്രവേശിക്കാനാവാതെ ആയിരക്കണക്കിന് ആളുകള്‍ കവാടത്തിന്‍റെ ഭാഗത്ത് തിങ്ങി നിറഞ്ഞ് നില്‍ക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മാത്രമല്ല ചില ആരാധകര്‍ ടിക്കറ്റ് വലിച്ച് കീറി പ്രതിഷേധിക്കുന്ന വീഡിയോയും എക്‌സില്‍ വന്നിരുന്നു. ഇവയില്‍ ചിലത് എ.ആര്‍. റഹ്മാന് ടാഗ് ചെയ്തിട്ടുമുണ്ട്.
ഷോയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന ഇരിപ്പിടങ്ങളുടെ എണ്ണത്തേക്കാൾ ടിക്കറ്റുകള്‍ വിറ്റത് പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് പ്രധാന ആരോപണം. അനധികൃത ബുക്കിംഗിനെതിരെ നടപടി വേണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു. പരിപാടിക്കായി സജ്ജീകരിച്ചിരുന്ന ഓഡിയോ സംവിധാനം നിലവാരമില്ലാത്തതായിരുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്.