റോഡിലിരുന്ന സ്ത്രീകള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി ഏഴ് മരണം
തിരുപ്പത്തൂരില്‍ അപകടത്തില്‍പെട്ട മിനി ലോറിയും വാനും
വെബ് ഡെസ്ക്
Monday, September 11, 2023 12:02 PM IST
ചെന്നൈ: റോഡരികിലിരുന്നവര്‍ക്ക് ഇടയിലേക്ക് മിനി ലോറി പാഞ്ഞു കയറി ഏഴ് പേർക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിനടുത്ത് നട്രംപള്ളിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ഈ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് വാനിലേക്ക് അമിത വേഗതയിലെത്തിയ ലോറി ഇടിച്ച ശേഷം റോഡിൽ സ്ത്രീകള്‍ കൂട്ടമായി ഇരുന്നിടത്തേക്ക് പാഞ്ഞു കയറുകയായിരുന്നു.
അപകടത്തില്‍ ഏഴ് സ്ത്രീകള്‍ മരിച്ചുവെന്നും പത്ത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നുമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൈസൂര്‍ യാത്രയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്. ഇവരെല്ലാം ഒരു ഗ്രാമത്തില്‍ നിന്നുള്ളവരാണെന്നാണ് സൂചന.
രണ്ടു വാനുകളില്‍ സഞ്ചരിക്കുകയായിരുന്നു ഇവര്‍. നാട്രംപള്ളിക്ക് സമീപത്തെത്തിയപ്പോള്‍ വാനുകളിലൊന്ന് തകരാറാവുകയും ഇതിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ഇരിക്കുകയുമായിരുന്നു. അപകടം നടന്നത് റോഡിന്‍റെ വളവുള്ള ഭാഗത്താണെന്നും ഇവിടെ അപകടങ്ങൾ പതിവാകുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.