തിരുവനന്തപുരം : മാസപ്പടി വിവാദത്തില്‍ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ വീണയുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ടെന്നും ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്‍റെ നിലപാട് ഏകപക്ഷീയമാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. "കരാറിന്‍റെ ഭാഗമായിട്ടാണ് എക്‌സാലോജിക്കിന് പണം ലഭിച്ചത്. സിഎംആര്‍എല്ലിന് കൊടുത്ത സേവനത്തിന് കിട്ടിയ പ്രതിഫലമാണ് ഈ തുക.

രാഷ്ട്രീയ ബന്ധത്തിന്‍റെ പേരില്‍ ബിസിനസ് നടത്താന്‍ പാടില്ല എന്നില്ല. സംരംഭക എന്ന നിലയിലുള്ള ഇടപാട് മാത്രമാണ് നടന്നത്. മാസപ്പടി എന്ന് പറയുന്നത് എന്തോ മനോനിലയുടെ പ്രശ്‌നമാണ്'. നടക്കുന്നത് വേട്ടയാടലാണെന്നും വിവാദത്തെ ശക്തമായി നിഷേധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും എന്നാല്‍ റിപ്പോര്‍ട്ട് വായിച്ചിട്ട് തയാറാക്കിയ മറുപടിയാണിതെന്ന് മനസിലാക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

കൊടുത്ത തുകയ്ക്ക് സേവനം ലഭിച്ചിട്ടില്ല എന്ന് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ടെന്നും ദുര്‍ബലമായ മറുപടിയാണ് മുഖ്യമന്ത്രിയുടേതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധ സൂചകമായി പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.