ബിരിയാണിക്കൊപ്പം കൂടുതൽ തൈര് ആവശ്യപ്പെട്ടു; യുവാവിനെ ഹോട്ടൽ ജീവനക്കാർ കൊന്നു
Tuesday, September 12, 2023 1:16 AM IST
ഹൈദരാബാദ്: ബിരിയാണിക്കൊപ്പം കഴിക്കാൻ കൂടുതൽ തൈര് ആവശ്യപ്പെട്ടയാളെ ഹോട്ടൽ ജീവനക്കാർ മർദിച്ചു കൊലപ്പെടുത്തി. ഹൈദരാബാദിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.
കൊല്ലപ്പെട്ട യുവാവ് മൂന്നു പേർക്കൊപ്പമാണ് ഭക്ഷണം കഴിക്കാനെത്തിയത്. കൂടുതൽ തൈര് ചോദിച്ചതോടെ തർക്കം ഉടലെടുക്കുകയും ജീവനക്കാർ മർദിക്കുകയുമായിരുന്നു.
ഇതോടെ ഇരു സംഘവും പരസ്പരം ഏറ്റുമുട്ടി. പോലീസ് സംഭവ സ്ഥലത്തെത്തുകയും ഇരു സംഘത്തെയും പഞ്ചഗുട്ട സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പോലീസ് സ്റ്റേഷനിലെത്തിയശേഷം യുവാവ് ഛർദിക്കാൻ തുടങ്ങുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ശരീരത്തിന് പുറത്ത് ഗുരുതരമായ പരുക്കുകളൊന്നും ഇല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്നും പോലീസ് അറിയിച്ചു.
അതേസമയം, യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ കാലതാമസം ഉണ്ടായതായി ബന്ധുക്കൾ ആരോപിച്ചു.