അഞ്ച് വയസുകാരിയുടെ കൊലപാതകം: വിചാരണയുടെ പ്രാരംഭ നടപടികൾ തുടങ്ങുന്നു
Tuesday, September 12, 2023 1:55 PM IST
കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണയുടെ പ്രാരംഭ നടപടികള്‍ ഇന്നു തുടങ്ങും. എറണാകുളം പോക്സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതി അസഫാഖ് ആലത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിനുള്ള തീയതി അടക്കം തീരുമാനിക്കും. സംഭവം നടന്ന് 35-ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ വിചാരണ വേഗം പൂര്‍ത്തിയാക്കി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് പ്രോസിക്യൂഷൻ ശ്രമം.
ശക്തമായ സാക്ഷിമൊഴികളും, ശാസ്ത്രീയ തെളിവുകളും ശേഖരിക്കാനായത് പ്രതി അസഫാഖ് ആലത്തിന് പരമാവധി ശിക്ഷ ഉറപ്പുവരുത്തുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. 99 സാക്ഷി മൊഴികളടക്കം 645 പേജുള്ള കുറ്റപത്രപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 62 തൊണ്ടി സാധനങ്ങളും കോടിതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 28-നാണ് അസഫാഖ് ആലം അഞ്ചുവയസുകാരിയെ വീടിനു സമീപത്തുനിന്നും കൂട്ടിക്കൊണ്ടുപോയ ശേഷം ആലുവ മാർക്കറ്റിന് പിന്നിൽ വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവ ദിവസം രാത്രി തന്നെ പ്രതിയെ ആലുവ പോലീസ് പിടികൂടിയിരുന്നു.
ഇയാള്‍ മദ്യലഹരിയിലായിരുന്നതിനാല്‍ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് 29ന് രാവിലെ ആലുവ മാര്‍ക്കറ്റിന് പിന്നിലെ മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലുമായിരുന്നു പോലീസ് അന്വേഷണം.