കോഴിക്കോട്: രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിപ രോഗബാധയെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട്. ഇവരുടെ സാംപിളുകള്‍ പൂനെയിലേക്ക് പരിശോധനയ്ക്കായി അയച്ചു. മരുതോങ്കരയില്‍ നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് അധികൃതര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇപ്പോള്‍ നാലു പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേര്‍ മരണപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിട്ടുണ്ട്. കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചതിനു പിന്നാലെ കുറ്റിയാടിക്ക് സമീപമുള്ള തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക തുടങ്ങിയ പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ച് ജാഗ്രതയോടെ നേരിടണമെന്നും ഡിഎംഒ വ്യക്തമാക്കി. പനിയോടൊപ്പം ശക്തമായ തലവേദന, ക്ഷീണം, ഛര്‍ദ്ദി, തളര്‍ച്ച, ബോധക്ഷയം, കാഴ്ച മങ്ങുക എന്നിവയാണ് നിപയുടെ പ്രധാന രോഗലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണമെന്നാണ് നിര്‍ദേശം.

വയനാട്ടിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി. ദിനീഷ് അറിയിച്ചു. ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട അടിയന്തര സാഹചര്യമില്ല.