പി.പി.മുകുന്ദൻ നിലപാടുകൾകൊണ്ട് ശ്രദ്ധേയനായ നേതാവ്
റെനീഷ് മാത്യു
Wednesday, September 13, 2023 7:09 PM IST
കണ്ണൂർ: നിലപാടുകൾ കൊണ്ട് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ വ്യക്തിയാണ് അന്തരിച്ച ബിജെപിയുടെ മുതിർന്ന നേതാവ് പി.പി.മുകുന്ദൻ. ഒരുകാലത്ത് സംസ്ഥാന ബിജെപിയിലെ ശക്തനായ നേതാവായിരുന്ന മുകുന്ദൻ രാഷ്ട്രീയ എതിരാളികളടക്കമുള്ളവരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു.
മറ്റു പാർട്ടികളിൽപെട്ടവർ നമ്മുടെ ശത്രുക്കളല്ല, രാഷ്ട്രീയ പ്രതിയോഗികളാണ്. ഇന്നത്തെ കമ്യൂണിസ്റ്റുകാരൻ നാളത്തെ ബിജെപിക്കാരനാകും എന്ന മനസോടെയാണ് അവരെയും സമീപിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ബിജെപിയുടെ കേരള കടിഞ്ഞാൺ ഒരു കാലത്ത് മുകുന്ദന്റെ കൈകളിലായിരുന്നു. കെ.ജി.മാരാർ, കെ.രാമൻപിള്ള, പി.പി.മുകുന്ദൻ, ഒ.രാജഗോപാൽ. ഈ നാൽവർ സംഘത്തിന്റെ നേതൃത്വമാണ് കേരളത്തിൽ ബിജെപിയുടെ വളർച്ചയ്ക്ക് അടിത്തറയിട്ടത്. ആർഎസ്എസിൽ നിന്നാണ് മുകുന്ദൻ ബിജെപിയുടെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടത്.
ആർഎസ്എസിലൂടെ തുടക്കം
കണ്ണൂർ കൊട്ടിയൂർ കൊളങ്ങരയത്ത് തറവാട്ടിൽ പരേതരായ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും രണ്ടാമത്തെ പുത്രനായി 1946 ഡിസംബർ ഒൻപതിനാണ് മുകുന്ദൻ ജനിച്ചത്. മണത്തല യുപി സ്കൂൾ, പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്കൂൾ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ ആകൃഷ്ടനാകുന്നത്.
മണത്തലയിൽ ആർഎസ്എസ് ശാഖ ആരംഭിച്ചപ്പോൾ സ്വയംസേവകനായി. ജില്ലയില്‍ സംഘപ്രവര്‍ത്തനം വ്യാപിച്ചുകൊണ്ടിരുന്ന 1960-കളില്‍ ആദ്യകാല സംഘപ്രവര്‍ത്തകരിലൊരാളായ തലശേരി ധര്‍മടത്തെ കക്കന്‍ കരുണാകരന്റെ നേതൃത്വത്തില്‍ മണത്തണയില്‍ സംഘശാഖ ആരംഭിച്ചപ്പോള്‍ സ്വയംസേവകനായി.
മണത്തണ പേരാവൂര്‍, കൊട്ടിയൂര്‍ മേഖലകളില്‍ സംഘവ്യാപനത്തിനായി തുടര്‍ന്ന് പ്രവര്‍ത്തിച്ചു. 1965-ല്‍ കാലടിയില്‍ നടന്ന പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗിന് ശേഷം കണ്ണൂര്‍ താലൂക്കില്‍ പ്രചാരകനായി തന്റെ പ്രചാരക ജീവിതത്തിന് തുടക്കം കുറിച്ചു. 1965-ൽ കണ്ണൂർ ജില്ലയിൽ പ്രചാരകനായി. 1967 ൽ ചെങ്ങന്നൂർ താലൂക്ക് പ്രചാരകനായി. 1972-ൽ തൃശൂർ ജില്ലാ പ്രചാരകനായും പ്രവർത്തിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് ജില്ലാ പ്രചാരകനായിരുന്ന മുകുന്ദന് അറസ്റ്റിലായി. 21 മാസം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയിൽ നടത്തിയ ഹിന്ദുസംഗമത്തോടു കൂടിയാണ് മുകുന്ദൻ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 1991-ൽ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായി. 2004 വരെ സ്ഥാനത്ത് തുടർന്നു.
1991 ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസും മുസ്ലിം ലീഗുമായി ബിജെപി ധാരണയുണ്ടാക്കിയപ്പോൾ അതിന്റെ മുൻനിരയിൽ മുകുന്ദനുണ്ടായിരുന്നു. 2004-ൽ കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബർ എന്നീ പ്രദേശങ്ങളുടെ ചുമതലയുള്ള മേഖലാ സംഘടനാ സെക്രട്ടറിയായി.
1988 മുതൽ 1995 വരെ ബിജെപി മുഖപത്രം ജന്മഭൂമിയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. 2006 മുതൽ 2016 വരെ പാർട്ടി ചുമതലയിൽ നിന്നും മാറ്റി നിർത്തപ്പെട്ടു. ബിജെപി നയങ്ങൾക്കെതിരെ നിശിത വിമർശനം ഉയർത്തിയ മുകുന്ദൻ തെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർഥിയാകാനും ശ്രമം നടത്തിയിരുന്നു.
ബിജെപിയുടെ സജീവ പ്രവർത്തനത്തിൽനിന്നു നേതൃത്വം മുകുന്ദനെ മാറ്റിനിർത്തിയപ്പോഴും താൻ അടിയുറച്ച ആർഎസ്എസുകാരനാണെന്നായിരുന്നു മുകുന്ദന്റെ നിലപാട്. 2022 ഓടെ ബിജെപിയിലേക്ക് തിരികെയെത്തി.