കോഴിക്കോട്: നിപ പരിശോധനയ്ക്കായി അയച്ച സാമ്പിളുകളില്‍ 11 എണ്ണം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. "ഇതോടെ പോസിറ്റീവായ വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരില്‍ 94 പേര്‍ക്ക് നെഗറ്റീവാണെന്ന് വ്യക്തമായി. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 6 എണ്ണമാണ് നിപ പോസിറ്റീവായത്. ഇന്ന് പുതിയ കേസുകള്‍ ഇല്ല.

മെഡിക്കല്‍ കോളേജില്‍ 21 പേരാണ് ഐസൊലേഷനിലുള്ളത്. ഐഎംസിഎച്ചില്‍ രണ്ട് കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളജിലുമായിട്ടാണ് നിപ പോസിറ്റീവായ ആളുകള്‍ക്ക് ചികിത്സ നല്‍കുന്നത്.

ഈ ആശുപത്രിയിലെല്ലാം മെഡിക്കല്‍ ബോര്‍ഡുകള്‍ ആരംഭിച്ചു. രോഗികളുടെ നില തൃപ്തികരമാണ്. ആദ്യം നിപ ബാധിതനായി മരിച്ചയാളുടെ ഒൻപതു വയസുള്ള കുട്ടി വെന്‍റിലേറ്ററിലാണ്. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്'.

അവസാനം നിപ പോസിറ്റീവായ ആളുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പരിശോധനയ്ക്കും മറ്റുമായി കൂടുതല്‍ ആംബുലന്‍സ് ഏര്‍പ്പെടുത്താനുള്ള തീരുമാനവും നിപ അവലോകന യോഗത്തില്‍ എടുത്തിരുന്നു.

സമ്പര്‍ക്ക പട്ടികയിലുള്ള മറ്റ് ജില്ലക്കാരായ ആളുകളുടെ സാമ്പിള്‍ ശേഖരണം പുരോഗമിക്കുകയാണ്. ചികിത്സാ പ്രോട്ടോക്കോള്‍, ഐസൊലേഷന്‍ പ്രോട്ടോക്കോള്‍ എന്നിവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.