കീഴ്ക്കോടതികളുടെ സിറ്റിംഗ് സമയപരിഷ്കരണം; അഭിപ്രായം തേടി ഹൈക്കോടതി
Sunday, September 17, 2023 5:58 AM IST
കൊച്ചി: സംസ്ഥാനത്തെ കീഴ്ക്കോടതികളുടെ സിറ്റിംഗ് രാവിലെ 10 മുതലാക്കുന്ന കാര്യത്തില്‍ ഹൈക്കോടതി, കേരള ബാര്‍ കൗണ്‍സില്‍ മുഖേന സംസ്ഥാനത്തെ ബാര്‍ അസോസിയേഷനുകളുടെ നിലപാട് തേടി.
സെപ്റ്റംബർ 30 -നകം ബാര്‍ അസോസിയേഷനുകളുടെ അഭിപ്രായം അറിയിക്കണമെന്ന് ഹൈക്കോടതിയിലെ ജില്ലാ ജുഡിഷ്യറി രജിസ്ട്രാര്‍ പി.ജി. വിന്‍സെന്റ് ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
നിലവില്‍ രാവിലെ 11 മുതലാണ് കീഴ്ക്കോടതികളില്‍ സിറ്റിംഗ് തുടങ്ങുന്നത്. ഇതുമൂലം കേസുകള്‍ കേള്‍ക്കാന്‍ മതിയായ സമയം ലഭിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് സമയം മാറ്റുന്ന കാര്യം ഹൈക്കോടതി ആലോചിക്കുന്നത്.
സാധാരണഗതിയില്‍ ജഡ്ജിമാര്‍ ചേംബറില്‍ ഉത്തരവുകള്‍ തയാറാക്കി കോടതി മുറിയില്‍ പ്രധാനഭാഗം വായിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഉത്തരവ് തയാറാക്കേണ്ടി വരുന്നതിനാലാണ് സിറ്റിംഗ് 11 മുതൽ തുടങ്ങുന്ന രീതി വന്നത്.
കേസുകളില്‍ വാദമടക്കമുള്ള പ്രധാന നടപടികള്‍ ഇതുമൂലം ഉച്ചയ്ക്ക് ശേഷമുള്ള സെഷനിലാണ് നടക്കുക. കേസുകളില്‍ ഹാജരാകുന്ന സാക്ഷികളടക്കമുള്ളവര്ക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് സമയ മാറ്റം ഹൈക്കോടതി ആലോചിക്കുന്നത്.
കീഴ്ക്കോടതികളുടെ സമയമാറ്റത്തെ അഭിഭാഷകര്‍ എതിര്‍ക്കില്ലെന്നാണ് സൂചന. പകരം ഹൈക്കോടതിയിലെ പോലെ ശനിയാഴ്ചകള് അവധി ദിനമാക്കണമെന്ന് ആവശ്യപ്പെടുമെന്ന് ചില അസോസിയേഷന് ഭാരവാഹികള്‍ സൂചിപ്പിച്ചു.