ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് മുമ്പില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ദേശീയ പതാക ഉയര്‍ത്തി. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, പാര്‍ലമെന്‍ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷി, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്‍ശ് അടക്കമുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പശ്ചിമ ബംഗാള്‍ പിസിസി പ്രസിഡന്‍റും എംപിയുമായ അധിര്‍ രഞ്ജന്‍ ചൗധരി ,രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് പ്രമോദ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്ത് ആശംസകളറിയിച്ചു. അതേസമയം അഞ്ച് ദിവസത്തെ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്ക പാര്‍ലമെന്‍ററികാര്യ മന്ത്രി വിളിച്ച സര്‍വകക്ഷി യോഗം വൈകുന്നേരം നാലിന് ചേരും.

സമ്മേളനത്തിന്‍റെ അജന്‍ഡ സര്‍ക്കാര്‍ പുറത്തുവിട്ടെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തത തുടരുന്നുണ്ട്. അടിയന്തര പ്രാധാന്യത്തോടെ പ്രത്യേക സമ്മേളനം വിളിച്ച് പാസാക്കേണ്ട ബില്ലുകളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച അജന്‍ഡയിലില്ല.

ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ ലക്ഷ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരുകയാണ്. വിനായക ചതുര്‍ഥി ദിനമായ 19ന് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് മാറുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം വിളിച്ചതെന്നാണ് അഭ്യൂഹങ്ങളിലൊന്ന്.

അതോടൊപ്പം ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം പാസാക്കുമെന്നും അഭ്യൂഹമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കുകയെന്ന ലക്ഷ്യത്തോടെ ഈ സര്‍ക്കാര്‍ വിളിക്കുന്ന അവസാനത്തെ പാര്‍ലമെന്‍റ് സമ്മേളനമാണെന്ന അഭ്യൂഹവുമുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഇന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടും.