ശിവക്ഷേത്രത്തിൽ നമസ്കരിച്ച മുസ്ലീം യുവതിയും മകളും കസ്റ്റഡിയിൽ
Monday, September 18, 2023 2:32 PM IST
ലക്നോ: ശിവക്ഷേത്രത്തിൽ നമസ്കരിച്ച മുസ്ലീം യുവതിയും മകളും കസ്റ്റഡിയിൽ. ഉത്തർപ്രദേശിലെ ബറെയ്ലിയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
കേസർപൂർ ഗ്രാമമുഖ്യന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുസ്ലീം പുരോഹിതന്റെ നിർദേശപ്രകാരമായിരുന്നു മുപ്പത്തിയെട്ടുകാരിയായ യുവതിയും മകളും ശിവക്ഷേത്രത്തിൽ നമസ്കരിച്ചതെന്ന് പ്രദേശത്തെ സർക്കിൾ ഓഫീസർ ഗൗരവ് സിംഗ് പറഞ്ഞു.
ഇരുവരും ഉച്ചയോടെയാണ് ക്ഷേത്രത്തിലെത്തിയത്. പിന്നാലെ നമസ്കരിക്കാൻ തുടങ്ങി. സംഭവം മറ്റുള്ളവർ വിലക്കിയെങ്കിലും ഇരുവരും പ്രാർഥന തുടരുകയായിരുന്നു.
ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കാൻ ശിവക്ഷേത്രത്തിൽ പോയി നമസ്കരിക്കണമെന്ന പുരോഹിതന്റെ ഉപദേശപ്രകാരമായിരുന്നു നടപടിയെന്നാണ് ഇവരുടെ വാദം.