ഓണം ബംപറിനെ ചൊല്ലി തർക്കം; യുവാവിനെ വെട്ടിക്കൊന്നു
Wednesday, September 20, 2023 7:18 PM IST
കൊല്ലം: തേവലക്കരയിൽ ഓണം ബംപറിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഒരാൾ വെട്ടേറ്റ് മരിച്ചു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് അജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
മരിച്ച ദേവദാസ് തിരുവോണം ബംപർ ലോട്ടറി എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ നൽകിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്ന നറുക്കെടുപ്പിന് മുൻപ് ദേവദാസ് ലോട്ടറി ടിക്കറ്റ് മടക്കി നൽകാൻ അജിത്തിനോട് ആവശ്യപ്പെട്ടു.
എന്നാൽ ടിക്കറ്റ് നൽകാൻ അജിത്ത് തയാറായില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ദേവദാസിനെ അജിത്ത് വെട്ടുകയായിരുന്നു. കൈയ്ക്ക് വെട്ടേറ്റ ദേവദാസ് രക്തം വാർന്നാണ് മരിച്ചത്.
ഇരുവരും മരംവെട്ട് തൊഴിലാളികളും അടുത്ത സുഹൃത്തുക്കളുമായിരുന്നു. സംഭവ സമയം ഇരുവരും മദ്യലഹരിയിൽ ആയിരുന്നുവെന്നും പോലീസ് പറഞ്ഞു.