ഖാലിസ്ഥാന്‍ നേതാവിന്റെ കൊലപാതകം; ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയിയുടെ അനുയായികള്‍
Thursday, September 21, 2023 2:10 PM IST
ന്യൂഡല്‍ഹി: കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് സുഖ്ദൂല്‍ സിംഗ് കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധോലോക നേതാവായ ലോറന്‍സ് ബിഷ്ണോയിയുടെ അനുയായികള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
ഗുര്‍ലാല്‍ ബ്രാര്‍, വിക്കി മിഡ്ഖേര എന്നീ അധോലോക നേതാക്കളുടെ കൊലപാതകത്തിന് പിന്നില്‍ സുഖ്ദൂല്‍ സിംഗാണെന്ന് പോസ്റ്റില്‍ ആരോപിക്കുന്നു. വിദേശത്തായിരുന്നപ്പോഴും ഇയാള്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.
മയക്കുമരുന്നിന് അടിമയായ സുഖ്ദൂല്‍ നിരവധി ആളുകളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും ചെയ്ത പാപങ്ങള്‍ക്കുള്ള ശിക്ഷയാണ് അയാള്‍ക്ക് നല്‍കിയതെന്നും പോസ്റ്റില്‍ പറയുന്നു.
നിലവില്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി അഹമ്മദാബാദിലെ ജയിലില്‍ കഴിയുകയാണ് ലോറന്‍സ് ബിഷ്ണോയ്. കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെവാല വധകേസിലും ബിഷ്ണോയ് മുഖ്യ പ്രതിയാണ്.
ഇന്ന് രാവിലെയാണ് ഖലിസ്ഥാന്‍ നേതാവ് സുഖ്ദൂല്‍ സിംഗ് കാനഡയില്‍വച്ച് കൊല്ലപ്പെട്ടത്. ഖാലിസ്ഥാന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ഇയാൾക്ക് വെടിയേറ്റത്. എന്‍ഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉണ്ടായിരുന്ന കുറ്റവാളിയാണ് സുഖ്ദൂല്‍.