ഗോവയിലെ മലയാളി യുവാവിന്റെ കൊലപാതകം: ഡിഎന്‍എ പരിശോധനയ്ക്ക് പോലീസ്
ഗോവ അന്‍ജുനയിലെ വിജനമായ കുന്നിന്ചെരുവില് അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നു. (ഇൻസെറ്റിൽ ജെഫ് ജോൺ ലൂയിസ്)
Friday, September 22, 2023 5:36 PM IST
കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയിസിനെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ ഡിഎൻഎ പരിശോധനയ്ക്ക് പോലീസ്. രണ്ടുവര്‍ഷം മുമ്പ് അന്‍ജുന കുന്നുകള്‍ക്ക് സമീപത്തെ വിജനമായ സ്ഥലത്തുനിന്നു കിട്ടിയ അജ്ഞാത മൃതദേഹത്തിന്റെയും കൊല്ലപ്പെട്ട ജെഫ് ജോണിന്റെയും ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിക്കാനാണ് പോലീസ് നീക്കം.
പ്രതികള്‍ ജെഫിനെ കൊന്നുതള്ളിയെന്നു പറഞ്ഞ അന്‍ജുനയിലെ വിജനമായ കുന്നില്‍ ചെരുവില്‍ എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തി.
രണ്ടു വര്‍ഷം മുമ്പ് പ്രതികള്‍ കുറ്റകൃത്യം നടത്തിയെന്നു പറയുന്ന കാലത്ത് ഈ കുന്നിന് പ്രദേശത്തുനിന്ന് ഒരു അജ്ഞാത മൃതദേഹം കിട്ടിയിരുന്നു. ഈ സംഭവത്തില്‍ അന്‍ജുന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് പോലീസ് പക്കലുണ്ട്. കൊല്ലപ്പെട്ട ജെഫിന്റെ ഡിഎന്‍എ സാമ്പിളുകളുമായി ഇത് താരതമ്യം ചെയ്യാനുള്ള നടപടികള്‍ കൊച്ചി പോലീസ് ആരംഭിച്ചിട്ടുണ്ട്. പരിശോധനാ ഫലം കിട്ടിയാലുടന്‍ കൊല്ലപ്പെട്ടത് ജെഫ് തന്നെയാണെന്ന് കൂടുതല്‍ സ്ഥിരീകരണം നടത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.
ഈ നടപടികളും പ്രതികളുടെ ഗോവന്‍ സൗഹൃദങ്ങളിലുള്ള തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം ശനിയാഴ്ച വൈകുന്നേരത്തോടെ പോലീസ് സംഘം കൊച്ചിയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. അതേസമയം സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയാണ് പോലീസ് സംഘം നല്‍കുന്നത്.
2021 നവംബറില്‍ ഗോവയില്‍ പുതിയ ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞ് ജെഫിനെ പ്രതികള്‍ ഗോവയിലെത്തിച്ച് ആളൊഴിഞ്ഞ കുന്നിന് ചെരുവില്‍ വച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ചും കത്തികൊണ്ട് കഴുത്തില്‍ കുത്തിയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച ശേഷം പ്രതികള്‍ മൊബൈലും സിമ്മും മാറ്റി കഴിയുകയായിരുന്നു.
ലഹരിക്കേസില്‍ പിടിയിലായ ഒരു പ്രതിയുടെ വെളിപ്പെടുത്തലാണ് ജെഫിന്റെ തിരോധനക്കേസിലെ ചുരുളഴിഞ്ഞത്. ജെഫിന്റെ മൊബൈല്‍ ഫോണ്‍ രേഖകളും യാത്രാവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വെള്ളൂര്‍ കല്ലുവേലില്‍ വീട്ടില്‍ അനില്‍ ചക്കോ (28), ഇയാളുടെ പിതൃസഹോദരന്റെ മകന് സ്റ്റൈഫിന്‍ തോമസ് (24), വയനാട് വൈത്തിരി പാരാലിക്കുന്ന് വീട്ടില്‍ ടി.വി വിഷ്ണു (25) എന്നിവര്‍ അറസ്റ്റിലായത്.